ഉദയഭാനു, വിഎസ് അച്യുതാനന്ദൻ 
KERALA

''വിഎസ് എന്നാൽ വികാരമാണ്, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ പഥികരിലൊരാളാണ്'', അവസാനമായി കാണാനെത്തിയ സിപിഐ എംഎല്‍ നേതാവ്

''ചെറുപ്പം മുതല്‍ വിഎസിന്റെ പ്രസംഗങ്ങള്‍ കേട്ടിട്ടുണ്ട്. ഇവിടുള്ള യോഗങ്ങളിൽ അടക്കം ഒരുമിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്''

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: അന്ത്യയാത്രയില്‍ വിഎസിനെ അവസാനമായി കാണാനെത്തിയവരില്‍ സിപിഐഎമ്മിന്റെ പാര്‍ട്ടി പ്രവര്‍ത്തകരും അണികളും മാത്രമല്ല ഉള്ളത്. ഒരുനോക്കു കാണാന്‍ ചേര്‍ത്തലയില്‍ നിന്ന് സിപിഐഎംഎല്‍ നേതാവും എത്തിയിട്ടുണ്ട്. ആശയങ്ങളില്‍ സിപിഐഎമ്മുമായി അഭിപ്രായ ഭിന്നതകളുള്ളവരല്ലേ നിങ്ങള്‍ എന്ന ചോദ്യത്തിന് സിപിഐ എംഎല്‍ റെഡ് ഫ്‌ളാഗ് നേതാവായ ഉദയഭാനു മറുപടി പറയുന്നത് ഇങ്ങനെയാണ്;

'റീത്ത് വെക്കണം. ഇടതുപക്ഷ സംഘടനയാണല്ലോ. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ പഥികരിലൊരാളാണ്. ആദ്യം ചെങ്കൊടി പിടിച്ച നേതാവാണ്.'

ചെറുപ്പം മുതല്‍ വിഎസിന്റെ പ്രസംഗങ്ങള്‍ കേട്ടിട്ടുണ്ട്. ഇവിടുള്ള തെരഞ്ഞെടുപ്പ് യോഗങ്ങളിലും അല്ലാത്ത യോഗങ്ങളിലും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് സംസാരിക്കുകയും ചെയ്തിട്ടുള്ളതാണ്. ഞങ്ങളുടെ, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വികാരമാണ് വിഎസ് എന്നും ഉദയഭാനു പറയുന്നു.

വിലാപയാത്ര കായംകുളത്തെത്തിയതു മുതല്‍ ഹരിപ്പാടെത്തി രമേശ് ചെന്നിത്തല വിഎസിന് വേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു. സ്വന്തം നാട്ടിലെത്തുന്ന വിഎസിനെ അവസാനമായി കാണാനാണ് താന്‍ വന്നതെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.

വിഎസിന്റെ വിലാപയാത്ര കടക്കുന്ന ഇടങ്ങളിലെല്ലാം നിരവധി പേരാണ് തടിച്ചുകൂടിയിരിക്കുന്നത്. പറഞ്ഞുവെച്ച സമയക്രമങ്ങളെല്ലാം തെറ്റി, വഴിയില്‍ കാത്തു നിന്ന ജനസഹസ്രങ്ങളുടെ ആദരവ് ഏറ്റുവാങ്ങിയാണ് വിലാപയാത്ര പോകുന്നത്. 11 മണിയോടെ പുന്നപ്രയിലെ വീട്ടിലെത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നതെങ്കിലും വിലാപയാത്ര ഇപ്പോള്‍ വണ്ടാനത്തെത്തിയതേയുള്ളു. വണ്ടാനം മെഡിക്കല്‍ കോളേജ് ജങ്ഷനും കഴിഞ്ഞാല്‍ വിലാപയാത്ര നേരിട്ട് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തും.

എം.വി. ഗോവിന്ദന്‍, സജി ചെറിയാന്‍ തുടങ്ങി നിരവധി നേതാക്കള്‍ പുന്നപ്രയിലെ വീട്ടിലെത്തിയിട്ടുണ്ട്. അതേസമയം സമയക്രമം തെറ്റിയ സാഹചര്യത്തില്‍ പുന്നപ്രയിലെ പൊതുദര്‍ശനം വെട്ടിച്ചുരുക്കിയേക്കുമെന്ന് സജി ചെറിയാന്‍ പറഞ്ഞിരുന്നു.

വീട്ടിലെ പൊതു ദര്‍ശനത്തിന് ശേഷം സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെയും പൊലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലെയും പൊതുദര്‍ശനത്തിന് ശേഷം വൈകുന്നേരത്തോടെ വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.

SCROLL FOR NEXT