ബിനോയ് വിശ്വം ഫയൽ ചിത്രം
KERALA

തെരഞ്ഞെടുപ്പ് കമ്മീഷൻ കാണിക്കുന്നത് കടുത്ത വഞ്ചന, രാഹുൽ പറഞ്ഞത് തെറ്റാണെങ്കിൽ ശിക്ഷിക്കണം: ബിനോയ് വിശ്വം

ഇല്ലെങ്കിൽ കമ്മീഷൻ രാജിവച്ചു പോകണമെന്നും ബിനോയ് വിശ്വം പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: രാജ്യത്ത് വോട്ടർ പട്ടികയില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെരഞ്ഞെടുപ്പ് കമ്മീഷൻ കാണിക്കുന്നത് കടുത്ത വഞ്ചനയാണ്. രാഹുൽ ഗാന്ധി പറഞ്ഞത് തെറ്റാണെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ രാഹുലിനെ ശിക്ഷിക്കണം. ഇല്ലെങ്കിൽ കമ്മീഷൻ രാജിവച്ചു പോകണമെന്നും ബിനോയ് വിശ്വം പറഞ്ഞു. സ്വതന്ത്രമായ നീതിപൂർവമായ തെരഞ്ഞെടുപ്പാണ് നടക്കേണ്ടത്. അത് പാലിക്കാൻ പറ്റിയില്ലെങ്കിൽ പാളി പോയ കമ്മീഷനാണ് രാജ്യത്തുള്ളതെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിലും ബിനോയ് വിശ്വം പ്രതികരിച്ചു. എവിടെയൊക്കെ മനുഷ്യർ ആക്രമിക്കപ്പെടുന്നോ അവിടെയൊക്കെ അവരെ സംരക്ഷിക്കുവാൻ ഇറങ്ങിപ്പുറപ്പെട്ട പാർട്ടിയാണ് സിപിഐ. വോട്ട് അല്ല ഞങ്ങളുടെ പ്രശ്നം. ഞങ്ങൾ എവിടെയും കേക്കുമായി പോകാറില്ല. സ്വർണവും വെള്ളിയും പൂശിയ കിരീടവുമായും പോകാറില്ല. സ്നേഹം മാത്രമാണ് ഞങ്ങൾക്ക് ഉള്ളത്. ക്രിസ്മസിനും ഈസ്റ്ററിനും കേക്ക് മുറിച്ചവർ എവിടെപ്പോയി ഒളിച്ചു. അരമനയിൽ പോയി സ്നേഹത്തിൻ്റെ കള്ളക്കഥ പറഞ്ഞ എം.പി. എവിടെപ്പോയെന്നും ബിനോയ് വിശ്വം ചോദിച്ചു.

ഇന്ന് സുരേഷ് ഗോപിയുടെ പാർട്ടിയാണ് ബിജെപി. നാളെ ശശി തരൂരിന്റേയും പാർട്ടി ആയേക്കാം. ശശി തരൂരിനെപ്പറ്റി എല്ലാവർക്കും അറിയാം. ഇന്നാണോ നാളെ ആണോ പോകുന്നതെന്ന ചോദ്യം ബാക്കിയാണ്. ശശി തരൂർ എന്തായാലും മഹാത്മാഗാന്ധിയുടെ പാർട്ടിയെ വിട്ട് ഗോഡ്സേയുടെ പാർട്ടിയിലേക്ക് കാൽ വെയ്ക്കാനായി മുഹൂർത്തം കാത്തിരിക്കുകയാണ്. അങ്ങനെയുള്ളവരെ ഇപ്പോഴും വർക്കിങ് കമ്മിറ്റിയിൽ ഇരുത്തുന്ന പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസിനുള്ളിൽ ബിജെപിയുടെ സ്ലീപ്പർ സെൽസ് ഉണ്ട്. കോൺഗ്രസ് ബിജെപിയുടെ ബി ടീമാണോ സി ടീമാണോ എന്നറിയില്ല, ബിനോയ് വിശ്വം.

ട്രംപിനെ പറ്റി മോദി എന്തുകൊണ്ട് മിണ്ടുന്നില്ലെന്നും ബിനോയ് വിശ്വം ചോദിച്ചു. വ്യാപാര ചുങ്കം കൂട്ടിയാൽ അതിൻ്റെ പ്രതിഫലനം വിവിധ രംഗങ്ങളിൽ ഉണ്ടാകും. നമ്മുടെ ഇറക്കുമതി പെരുവഴിയാവും. പ്രധാനമന്ത്രിക്ക് ആ നാവ് എന്തിനാണ്. മോദിക്ക് ട്രംപിനെ കണ്ടാൽ കവാത്ത് മറക്കാനും മുട്ടിടിക്കാനും മാത്രമേ അറിയൂ എന്നും ബിനോയ് വിശ്വം പറഞ്ഞു. സ്വദേശിവൽക്കരണം പറഞ്ഞ് വിദേശികൾക്ക് വേണ്ടി ദാസ്യപണിക്ക് പോകുന്ന പാർട്ടിയാണ് ബിജെപിയെന്നും ബിനോയ് വിശ്വം ആരോപിച്ചു.

ഗവർണർക്കെതിരെയും ബിനോയ് വിശ്വം വിമർശനങ്ങൾ ഉന്നയിച്ചു. ഗവർണർ ഭരണഘടനാ പദവിയാണെന്നും രാജ്ഭവൻ ബിജെപി ക്യാംപ് ഓഫീസ് അല്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വാഴ്ത്ത് പാട്ട് കേന്ദ്രമല്ല രാജ്ഭവൻ. സർക്കാരിനെ വെല്ലുവിളിക്കാൻ വന്നാൽ ചെറുക്കും. സർവകലാശാലകളെ തടവിൽ ആക്കാൻ ബിജെപി ഗവർണറെ ഉപയോഗിക്കുകയാണെന്നും ആ നീക്കത്തെ തോൽപ്പിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

SCROLL FOR NEXT