ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വിമർശനങ്ങൾക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെള്ളാപ്പള്ളി തൊടുത്തുവിട്ട വിമർശനങ്ങൾക്ക് ബഹുമാനപ്പെട്ട വെള്ളാപ്പള്ളിയുമായി ഒരു തർക്കത്തിന് താനില്ല എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. വെള്ളാപ്പള്ളിയുടെ കൈയിൽ നിന്ന് സിപിഐക്കാർ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിച്ചിട്ടില്ല. വെള്ളാപ്പള്ളി നടേശൻ ഒരു വ്യവസായിയാണ്. അതിനാൽ തിരഞ്ഞെടുപ്പിന്റെയും മറ്റും ഭാഗമായി അദ്ദേഹത്തിൽ നിന്ന് സിപിഐക്കാർ പണ്ട് പിരിച്ചു കാണും. അതല്ലാതെ ചീത്ത വഴിക്ക് കൈക്കൂലിയായിട്ടോ അവിഹിതമായിട്ടോ ഒരു പൈസ പോലും പിരിക്കുന്ന പതിവ് സിപിഐക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരുപാട് മഹാൻമാർ ഇരുന്ന കസേരയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടേതെന്നും അത് വെള്ളാപ്പള്ളി ഓർക്കണമെന്നും അദ്ദേഹം വിശദികരിച്ചു. ജനങ്ങൾക്ക് എല്ലാ കാര്യവും അറിയാം. അവർക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയേയും അറിയാം വെള്ളാപ്പള്ളിയേയും അറിയാം. എൽഡിഎഫിനോ ഏതെങ്കിലും പാർട്ടിക്കോ മാർക്കിടാനോ തെറ്റും ശരിയും പറയാനോ ആരും വെള്ളാപ്പള്ളിയെ ഏൽപ്പിച്ചിട്ടില്ല. വെള്ളാപ്പള്ളിയല്ല എൽഡിഎഫ്. അതുകൊണ്ട് ഇത്തരം കാര്യങ്ങളിലൊന്നും വെള്ളാപ്പള്ളിയുടെ ഒരു ഉപദേശവും കാത്തിരിക്കുന്നില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനങ്ങൾക്കും ബിനോയ് വിശ്വം മറുപടി പറഞ്ഞു. '' ബിനോയ് വിശ്വമല്ല പിണറായി വിജയൻ. വളരെ ശരിയാണത്. എന്റെ കാര്യവും നിലപാടും ഞാൻ പറയും. അദ്ദേഹത്തിന്റെ കാഴ്ചപ്പാടും നിലപാടും അദ്ദേഹവും പറയും. ഇതിലെ ശരി ജനങ്ങൾ തീരുമാനിച്ചോട്ടെ. പിണറായി വിജയനും ബിനോയ് വിശ്വവും രണ്ടും രണ്ടു പേരാണ്. രണ്ട് കാഴ്ചപ്പാടാണ്. രണ്ട് നിലപാടാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ വാദങ്ങളെ ഞാൻ നിരാകരിക്കുന്നില്ല.'' കൂടുതൽ പ്രതികരിക്കാനില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.