ആലപ്പുഴ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരായ പരാമർശത്തിൽ ജി.സുധാകരനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. സംസ്ഥാന സെക്രട്ടറിയെ അഭിസംബോധന ചെയ്തത് സംസ്‌കാര ശൂന്യമായ നിലയിൽ എന്ന് ജില്ലാ സെക്രട്ടറി ആർ നാസർ വിമർശിച്ചു. യു ഡി എഫിലെത്തിയതോടെ സുധാകരന് ആരെയും എന്തും പറയാൻ ലൈസൻസ് കിട്ടി. പാർട്ടിയെ തകർക്കാൻ ശ്രമിച്ചതുകൊണ്ടാണ് സുധാകരനെ എം വി ഗോവിന്ദൻ വർഗ വഞ്ചകനെന്ന് വിളിച്ചതെന്നും, സുധാകരൻ രാഷ്ട്രീയ ഭ്രാന്ത് പോലെ പുലഭ്യം പറയുന്നുവെന്നും ആർ നാസർ പറഞ്ഞു.
വർഗവഞ്ചകൻ പരാമർശത്തിൽ എം.വി. ഗോവിന്ദനെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ പ്രതികരിച്ചിരുന്നു. വർഗമെന്തെന്നോ വർഗവഞ്ചന എന്തെന്നോ ഗോവിന്ദന് അറിയില്ല. തെറ്റ് പറ്റിയ സിപിഐഎം തിരുത്തണമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. പാർട്ടി നശിക്കട്ടെയെന്ന് നിലപാടെടുക്കുന്ന ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയായിരിക്കാൻ യോഗ്യതയില്ല. നേതൃസ്ഥാനത്ത് ഇരുന്ന് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന ഗോവിന്ദൻ രാജിവെക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടിരുന്നു.
എം.വി. ഗോവിന്ദൻ വാ അടക്കുന്നതാണ് നല്ലത്. ഞാൻ സി.എച്ച്. കണാരൻ്റെയും എകെജിയുടെയും ഇഎംഎസിൻ്റെയും കാലത്ത് പാർട്ടിയിൽ വന്നയാളാണ്. അന്നൊന്നും ഗോവിന്ദൻ ഇല്ല. ഇതുവരെ ഗോവിന്ദനെതിരെ ഒന്നും സംസാരിക്കേണ്ടി വന്നിട്ടില്ല. കൊത്തി കൊത്തി മുറത്തിൽ കേറി കൊത്തി തുടങ്ങിയപ്പോഴാണ് പറയേണ്ടി വന്നത് എന്നും സുധാകരൻ വ്യക്തമാക്കി.
ജി. സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാർട്ടിയെ വഞ്ചിച്ച് പോയവരാണ്. വിമതരായി മത്സരിച്ചവർ വർഗവഞ്ചകരാണ്. അവരെ വിമർശിക്കുന്നത് തുടരും എന്നായിരുന്നു എം.വി. ഗോവിന്ദൻ്റെ പ്രതികരണം. തെറ്റ് തിരുത്തിയാൽ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയിൽ വരുന്നതിൽ തടസമില്ലെന്ന് സിപിഐഎം നേതാവ് എം.വി. ജയരാജനും പറഞ്ഞു.
പാർട്ടി സെക്രട്ടറിയുടെ പ്രതികരണത്തിന് മറുപടിയുമായി ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും രംഗത്തെത്തിയിരുന്നു. താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് സിപിഐഎം നേതൃത്വത്തോട് വി.കുഞ്ഞികൃഷ്ണൻ ചോദിച്ചു. എന്താണ് അറിഞ്ഞാലേ തിരുത്താൻ കഴിയൂ. അച്ചടക്കനടപടിക്ക് കാരണമായ തെറ്റ് എന്തെന്ന് സിപിഐഎം ഇതുവരെ പറഞ്ഞിട്ടില്ല എന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞിരുന്നു.
എം.വി. ഗോവിന്ദൻ വലിയ മഹത്വമൊന്നും പറയേണ്ടതില്ലെന്നും പാർട്ടിയെ തെറ്റായ രീതിയിൽ നയിച്ചവരാണ് വർഗവഞ്ചകർ എന്നുമായിരുന്നു ടി.കെ. ഗോവിന്ദൻ്റെ പ്രതികരണം. എനിക്ക് തെറ്റ് പറ്റിയിട്ടില്ല. എം.വി. രാഘവൻ തിരിച്ച് വന്നത് ബോധമില്ലതെ കിടന്നപ്പോഴാണ്. സിഎംപി തിരിച്ച് വന്നത് രാഘവൻ്റെ മരണശേഷമാണ്. പാർട്ടിയെ തെറ്റായ രീതിയിൽ നയിച്ചവരാണ് വർഗ വഞ്ചകർ. അങ്ങനെയെങ്കിൽ ആരാണ് വർഗ വഞ്ചകർ എന്നും ടി.കെ. ഗോവിന്ദൻ ചോദ്യമുന്നയിച്ചിരുന്നു.