KERALA

കായംകുളത്ത് യു. പ്രതിഭയ്ക്ക് ഇളവ്? അരൂരിൽ ദലീമയ്ക്കും ആർ. നാസറിനും സാധ്യത; സ്ഥാനാർഥി നിർണയ ചർച്ച എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ

മറ്റ് നിയോജകമണ്ഡലങ്ങളിൽ നിലവിലെ സ്ഥിതി തുടരാനും തീരുമാനമായെന്നാണ് വിവരം

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്ത് നിലവിലെ എംഎൽഎയായ യു പ്രതിഭയ്ക്ക് ഇളവ് നൽകാൻ സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ ആലോചന. അരൂരിൽ ദലീമയോ ആർ. നാസറോ മത്സരിച്ചേക്കും. മറ്റ് നിയോജകമണ്ഡലങ്ങളിൽ നിലവിലെ സ്ഥിതി തുടരാനും തീരുമാനമായെന്നാണ് വിവരം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും പുത്തലത്ത് ദിനേശന്റെയും നേതൃത്വത്തിൽ നടന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാർഥി നിർണയം ചർച്ചയായത്. ചെങ്ങന്നൂരിൽ സജി ചെറിയാൻ തന്നെ മത്സരിക്കും. അമ്പലപ്പുഴയിൽ എച്ച്. സലാം, ആലപ്പുഴ ചിത്തരഞ്ചൻ എന്നിവരെയാണ് പരി​ഗണിക്കുന്നത്.

ഉറച്ച സീറ്റിൽ ടേം വ്യവസ്ഥ പാലിച്ചും മുതിർന്ന നേതാക്കളെ മത്സരത്തിനിറക്കിയും ഒരാഴ്ചക്കകം സ്ഥാനാർഥി പട്ടിക അന്തിമമാക്കാൻ ഒരുങ്ങുകയാണ് സിപിഐഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളിൽ നാല് പേരൊഴികെ ബാക്കിയെല്ലാവരും സാധ്യതാ പട്ടികയിലുണ്ടെങ്കിലും അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിന്‍റേതാകും.

മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അടക്കം മുതിർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിലാണ് ജില്ലാ നേതൃയോഗങ്ങൾ നടക്കുന്നത്. 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ഇ.പി. ജയരാജൻ പുത്തലത്ത് ദിനേശൻ, സി.എൻ. മോഹനൻ എന്നിവരൊഴികെ ബാക്കിയെല്ലാവരും സാധ്യതയുള്ളവരെന്ന് വിലയിരുത്തി തന്നെയാണ് ചർച്ചകൾ.

SCROLL FOR NEXT