കണ്ണൂർ: വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് പിന്നാലെ പാർട്ടിയോട് ഇടഞ്ഞ പി.പി. ദിവ്യയെ അനുനയിപ്പിക്കാൻ CPIM കേന്ദ്രനേതൃത്വം. കേന്ദ്രകമ്മിറ്റിക്ക് ദിവ്യ നൽകിയ പരാതിയിൽ ആണ് ഇടപെടൽ. കേന്ദ്ര നേതൃത്വം ദിവ്യയോട് ഫോണിൽ സംസാരിച്ചു. സി പി ഐ എമ്മിലെ ചില നേതാക്കൾക്ക് എതിരെ ഉൾപ്പെടെയാണ് ദിവ്യ പരാതി നൽകിയത്.
സിപിഐഎമ്മിൽ നിന്നും അകലുന്നതായി സൂചന നൽകികൊണ്ട് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ചില വേർപിരിയലുകൾ നഷ്ടങ്ങൾ അല്ല, പുതിയ വഴികളിലേക്കുള്ള തുടക്കങ്ങളായിരുക്കാം എന്ന് തുടങ്ങുന്ന വാചകമാണ് ദിവ്യ പോസ്റ്റിൽ കുറിച്ചിട്ടുള്ളത്.
പിന്നീട് കാർട്ടൺ കമ്പനിക്ക് കരാറുകൾ നൽകിയതിൽ അഴിമതിയുണ്ടെന്ന കെഎസ്യു സംസ്ഥാന വൈസ് പ്രസിഡൻ്റിൻ്റെ പരാതിയിൽ പ്രഖ്യാപിച്ച വിജിലൻസ് പ്രാഥമിക അന്വേഷണത്തെ സ്വാഗതം ചെയ്തും ദിവ്യ പ്രതികരിച്ചിരുന്നു. അനധികൃതമായി ഒരിഞ്ച് ഭൂമിയെങ്കിലും കണ്ടെത്തിയാൽ മുഹമ്മദ് ഷമ്മാസിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തുനൽകാൻ തയ്യാറാണെന്നും അത്രത്തോളം ആത്മവിശ്വാസമുണ്ടെന്നുമാണ് പി.പി. ദിവ്യ ഫേസ്ബുക്കിൽ കുറിച്ചത്.