Source: Files
KERALA

"ബിജെപിയുടെ ആസൂത്രിത നീക്കം, നടപടികൾ പിണറായിയെയോ പാർട്ടിയേയോ ഭയപ്പെടുത്തില്ല"; ഇഡി റെയ്ഡിനെതിരെ സിപിഐഎം, പ്രതികരിച്ച് നേതാക്കളും

ഈ റെയ്ഡിൽ യുഡിഎഫ് സർക്കാരും പങ്കാളിയാണോ എന്നും സിപിഐഎം എക്സിൽ കുറിച്ചു...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മറ്റിടങ്ങളിലും നടക്കുന്ന റെയ്ഡിനെതിരെ സിപിഐഎം. ബിജെപി സർക്കാരിൻ്റെ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് സിപിഐഎം എക്സിൽ കുറിച്ചു. ഇത്തരം നടപടികൾ പിണറായി വിജയനെയോ പാർട്ടിയെയോ ഭയപ്പെടുത്തില്ല. ഈ റെയ്ഡിൽ യുഡിഎഫ് സർക്കാരും പങ്കാളിയാണോ എന്നും സിപിഐഎം എക്സിൽ കുറിച്ചു.

എംഎൽഎയും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസും റെയ്ഡിനെതിരെ ഫേസ്ബുക്കിൽ കുറിച്ചു. "വളഞ്ഞിട്ടടിച്ചോളൂ..... പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും" എന്നാണ് പി.എ. മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്.

കെ.യു. ജെനീഷ് കുമാർ എംഎൽഎയും റെയ്ഡിനെതിരെ പ്രതികരണവുമായി രംഗത്തെത്തി. "വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കും" എന്നാണ് കെ.യു. ജെനീഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചത്.

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ആരോപണവുമായി ബിനീഷ് കോടിയേരി രംഗത്തെത്തി. "ഇന്നലെ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി കണ്ടു, ഇന്ന് പിണറായിയുടെ വീട്ടിൽ ഇ.ഡി റെയ്ഡെ"ന്നും ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചു. മടിയിൽ കനമില്ലാത്ത സഖാവ് പിണറായി വിജയൻ മരണം വരെ സിപിഐഎം ആയിരിക്കുമെന്നും ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ കുറിച്ചു.

അടിയന്തരാവസ്ഥ കാലത്തെ പൊലീസ് പീഡനം അതിജീവിച്ച പിണറായിയെ ഇഡി ഭയപ്പെടുത്തില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി ന്യൂസ് മലയാളത്തോട് പറഞ്ഞു. പിണറായി വിജയന് നേരെയുള്ളത് ഹീനമായ ആക്രമണമെന്ന് പിണറായിയുടെ മകൾ വീണയ്ക്ക് നൽകിയ മാസ പ്രതിഫലം അഴിമതിയാണെന്ന് ആരോപിച്ചാണ് നടപടി. വീണ അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്. രാഷ്ട്രീയമായ നടപടിയാണ് റെയ്ഡ്, ഇതിനെ തുറന്ന് കാട്ടും. യുഡിഎഫ് സർക്കാർ പങ്കാളിയാണോയെന്നും സിഎംആർഎല്ലിൽ നിന്ന് വൻ തുക കൈപ്പറ്റിയവർ വി.ഡി. മന്ത്രിസഭയിലുണ്ട്. റെയ്ഡ് കൊണ്ട് സിപിഐഎമ്മിനെയോ പിണറായി വിജയനെയോ തകർക്കാൻ കഴിയില്ലെന്നും എം.എ. ബേബി പറഞ്ഞു.

ഇതിലും വലിയ വേട്ടയാടലുകൾ കണ്ടതാണെന്ന് എ.എൻ. ഷംസീർ പ്രതികരിച്ചു. "ഇതിലും വലിയ വേട്ടയാടലുകൾ കണ്ടതാണ്.... കരുത്തോടെ, കരളുറപ്പോടെ നേരിട്ടതാണ്...... കാണാം..." എന്നും എ.എൻ. ഷംസീർ ഫേസ്ബുക്കിൽ കുറിച്ചു.

എല്ലാ നുണക്കോട്ടകളെയും തകർത്തെറിഞ്ഞ് നേരിൻ്റെ ആ രാഷ്ട്രീയ ജീവിതം ഇവിടെ തെളിമയോടെ തന്നെ നിലനിൽക്കുമെന്നും വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

പ്രിയ സഖാവേ ഒപ്പം .

ഇക്കാലമത്രയും പലതരത്തിൽ, നേരിട്ടും മറഞ്ഞിരുന്നും

ആക്രമിച്ച് ഇല്ലാതാക്കാൻ രാഷ്ട്രീയ എതിരാളികൾ ശ്രമിച്ചു . എല്ലാം പരാജയപ്പെട്ടു. എല്ലാ നുണക്കോട്ടകളെയും തകർത്തെറിഞ്ഞ് നേരിന്റെ ആ രാഷ്ട്രീയ ജീവിതം ഇവിടെ തെളിമയോടെ തന്നെ നിലനിൽക്കും .

നടക്കുന്നത് കോണ്‍ഗ്രസ്-ബിജെപി ഡീലെന്ന് എം.ബി. രാജേഷ് പ്രതികരിച്ചു. ഇത് മറയ്ക്കാനാണ് ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനെ പോലെ തെരഞ്ഞെടുപ്പ് കാലം മുഴുവന്‍ സിപിഐഎം-ബിജെപി ഡീല്‍ എന്ന് വി.ഡി. സതീശന്‍ വിളിച്ചു പറഞ്ഞത്. മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രിയുമായി 40 മിനിറ്റ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഈ റെയ്ഡ്. ഇതിന് പിന്നിലെ ഉദ്ദേശ്യം അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകുമെന്നും എം.ബി. രാജേഷ് പ്രതികരിച്ചു.

റെയ്ഡ് നടത്തുന്നത് നരേന്ദ്രമോദിയെ വി.ഡി. സതീശൻ കണ്ടതിന് പിന്നാലെയെന്നും പിണറായിയെ വേട്ടയാടാനുള്ള സംഘപരിവാർ നീക്കമെന്നും പി. ജയരാജൻ ആരോപിച്ചു. ബിജെപിയും കോൺഗ്രസും ചേർന്നുള്ള സംയുക്ത നീക്കമെന്ന് കെ.കെ. രാഗേഷ് പറഞ്ഞു.

ഇഡി ആയുധമാക്കിയുള്ള രാഷ്ട്രീയ വേട്ടയാണ് നടക്കുന്നതെന്ന് എം.വി. ജയരാജൻ പറഞ്ഞു. എല്ലാ പാർട്ടി ഘടകങ്ങളിലും പ്രതിഷേധങ്ങൾ നടക്കും. ഇന്ന് രാത്രി എല്ലാ ബ്രാഞ്ചുകളിലും പന്തം കൊളുത്തി പ്രകടനം നടത്തുമെന്നും എം.വി. ജയരാജൻ പറഞ്ഞു.

അടിയന്തരാവസ്ഥ കാലത്തെ അതിജീവിച്ച പിണറായിയെ ഇഡിക്ക് അറിയില്ല എന്ന് എം. മെഹബൂബ് പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിയും യുവജന പ്രസ്ഥാനവും ഈ കൊള്ളരുതായ്മയെ തെരുവിൽ ചോദ്യം ചെയ്യുമെന്ന് എ.എ. റഹീം പറഞ്ഞു. കേന്ദ്രസർക്കാർ എല്ലാക്കാലത്തും ഇഡിയെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചിട്ടുണ്ട് എന്ന് സിപിഐ നേതാവ് ആനി രാജ ആരോപിച്ചു.

SCROLL FOR NEXT