KERALA

കേന്ദ്ര ബജറ്റിൽ ചരിത്രത്തിൽ കാണാത്ത അവഗണന, ധാതു ഇടനാഴിയിൽ എന്ത് അജണ്ടയാണെന്ന് വ്യക്തം: സിപിഐഎം

ഇത്തരം നടപടികളിലൂടെ ഫെഡറലിസത്തെ തന്നെ വെല്ലുവിളിക്കുകയാണ്‌ കേന്ദ്രമെന്നും സിപിഐഎം വിമർശിച്ചു

Author : ലിൻ്റു ഗീത

തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ കേരളത്തിനോടുള്ള അവ​ഗണന ചരിത്രത്തിൽ കാണാത്തതാണെന്ന വിമർശനവുമായി സിപിഐഎം. കേരളമെന്ന പേര് വന്നില്ലെങ്കിലും ഇക്കുറി കടലാമയും തേങ്ങയും വന്നു. ധാതു ഇടനാഴിയിൽ എന്ത് അജണ്ടയാണെന്ന് വ്യക്തമാണ്. അവഗണനയ്ക്ക് എതിരെ ഒന്നടങ്കം ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും ജനങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്നും സിപിഐഎം സെക്രട്ടേറിയേറ്റ് ഇറക്കിയ പ്രസ്‌താവനയില്‍ പറ‍ഞ്ഞു.

"ഏഴ്‌ അതിവേഗ റെയില്‍ ഇടനാഴി പ്രഖ്യാപിച്ചിട്ടും കേരളത്തെ പരിഗണിച്ചില്ല. ഇവിടുത്തെ ജനങ്ങളോട്‌ പകതീര്‍ക്കുകയാണ്‌ ബിജെപി. 12 പുതിയ ജലപാതകളിലും കേരളമില്ല. അതിവേഗ പാത, നിലമ്പൂര്‍-നഞ്ചന്‍കോട്‌, തലശേരി-മൈസൂര്‍, കാഞ്ഞങ്ങാട്‌-കാണിപ്പയ്യൂര്‍ റെയില്‍പ്പാതകള്‍, വര്‍ഷങ്ങളായി സ്ഥലമേറ്റെടുത്ത്‌ കാത്തിരിക്കുന്ന എയിംസ്‌, റബ്ബറിനും പരമ്പരാഗത മേഖലയ്‌ക്കുമുള്ള സഹായങ്ങള്‍, നെല്ലിന്‌ സംഭരണ വിലയുയര്‍ത്തല്‍ തുടങ്ങി പ്രതീക്ഷകളേറെയായിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെ പലകുറി ഈ ആവശ്യങ്ങള്‍ നേരിട്ട്‌ ഉന്നയിച്ചതാണ്‌. ബജറ്റിന്‌ മുന്നോടിയായി കേന്ദ്ര മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലും കേരളത്തിന്റെ ആവശ്യങ്ങളടങ്ങിയ നിവേദനം നല്‍കിയിരുന്നു.

നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ അവ സാനപാദം 5,649 കോടി രൂപ നിഷേധിച്ച്‌ ബുദ്ധിമുട്ടിച്ച സര്‍ക്കാരാണ്‌ കേന്ദ്രത്തിലെങ്കിലും, ബജറ്റില്‍ ചിലത്‌ പരിഗണിക്കുമെന്ന്‌ കരുതിയിരുന്നു. ഫിനാന്‍സ്‌ കമ്മീഷന്‍ വിഹിതം ഉയര്‍ത്തണമെന്ന ആവശ്യം പരിഗണിക്കാത്തത്‌ കടുത്ത നിരാശയാണുണ്ടാക്കുന്നത്‌. റവന്യൂ ഡഫസിറ്റ്‌ ഗ്രാന്റ്‌ ഉപേക്ഷിക്കുക വഴി കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ കാര്യമായി ദുര്‍ബലപ്പെടുത്തും. ഇത്തരം നടപടികളിലൂടെ ഫെഡറലിസത്തെ തന്നെ വെല്ലുവിളിക്കുകയാണ്‌ കേന്ദ്രമെന്നും സിപിഐഎം വിമർശിച്ചു.

ധാതു ഇടനാഴിയില്‍ ഉള്‍പ്പെടുത്തിയതിന്റെ പിന്നില്‍ എന്ത്‌ അജണ്ടയാണ്‌ ഒളിഞ്ഞിരിക്കുന്നതെന്ന്‌ വ്യക്തമാണ്‌. കേരള ബജറ്റില്‍ ഈ മേഖലയെ ആരോഗ്യകരമായി ഉപയോഗപ്പെടുത്താന്‍ ആവശ്യമായ പദ്ധതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇവിടുത്തെ ധാതുക്കള്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക്‌ കൊള്ളയടിക്കാന്‍ തുറന്നിടുന്നതിനുള്ള ശ്രമമാണെങ്കില്‍ ശക്തമായി തന്നെ അതിനെ നേരിടേണ്ടി വരും. സംസ്ഥാനത്തിന്റെ നികുതിയും, വിഭവങ്ങളുമെല്ലാം കൊണ്ടുപോവുകയും ഇവിടുത്തെ ജനങ്ങള്‍ക്ക്‌ അര്‍ഹതപ്പെട്ട വിഹിതമോ പദ്ധതികളോ അനുവദിക്കുകയുമില്ലെന്ന ഹുങ്ക്‌ ബ്രിട്ടീഷ്‌ രാജിനെയാണ്‌ ഓര്‍മിപ്പിക്കുന്നത്‌. കേരളത്തിലെ ജനങ്ങളെ നോക്കി യൂണിയന്‍ സര്‍ക്കാര്‍ ആട്ടിത്തുപ്പുന്ന സമീപനമാണ്‌ സ്വീകരിച്ചിട്ടുള്ളത്‌".

വികസനമാണ്‌ തങ്ങളുടെ അജണ്ടയെന്ന്‌ വായ്‌ത്താരി പുറപ്പെടുവിക്കുന്ന കേരളത്തിലെ ബിജെപി നേതാക്കള്‍ക്കും, കേന്ദ്ര മന്ത്രിമാര്‍ക്കും എന്താണ്‌ പറയാനുള്ളതെന്നും സിപിഐഎം സെക്രട്ടേറിയേറ്റ് പ്രസ്‌താവനയില്‍ ചോദിച്ചു. കേരളത്തിലെ ജനങ്ങളെ ഇങ്ങനെ ശിക്ഷിക്കുന്നത്‌ എന്തിനാണെന്ന ചോദ്യത്തിന്‌ ഉത്തരമുണ്ടോ. സംസ്ഥാനത്തെ സാധാരണ മനുഷ്യര്‍ ചിലത്‌ ആഗ്രഹിച്ചിരുന്നു. അവരോട്‌ കേന്ദ്ര സര്‍ക്കാരും, കേരളത്തിലെ ബിജെപി നേതാക്കളും മറുപടി പറയണം. അസാധാരണമായ അവഗണന തുടരുന്ന കേന്ദ്ര സര്‍ക്കാരിനതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ഥിച്ചു.

അതേസമയം, കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബിയും ​രം​ഗത്തെത്തി. പറയേണ്ടത് ബജറ്റ് എന്നല്ല, സാമ്പത്തിക ചതി എന്നാണെന്ന് അദ്ദേഹം ആഞ്ഞടിച്ചു. ഏറ്റവും വലിയ തട്ടിപ്പ് ജി റാം ജി പദ്ധതിയിലാണ്. 95000 കോടി നൽകിയിരിക്കുന്നു. 60-40 ആണ് കേന്ദ്ര-സംസ്ഥാന വിഹിതം. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി അപകടപ്പെടുത്താനാണ്. എയിംസ്, വിഴിഞ്ഞം എന്നിവയ്ക്ക് പണം ഇല്ല. ആമ പദ്ധതിക്ക് പണം മാറ്റി വച്ച് കേരളത്തെ അപമാനിക്കുന്നു. തിരുവനന്തപുരത്ത് അമ്പരിപ്പിക്കും എന്നാണ് കരുതിയത്. എന്നാൽ ബിജെപി നേതാക്കളെ കൂടി വിഡ്ഢികളാക്കിയ ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT