Source: News Malayalam 24x7
KERALA

"ധനരാജ് രക്തസാക്ഷി ഫണ്ടില്‍ തിരിമറി നടത്തി, 90 ലക്ഷം രൂപ പാര്‍ട്ടിക്ക് നഷ്ടമായി"; ടി.ഐ. മധുസൂദനൻ എംഎൽഎയ്‌ക്ക് എതിരെ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം

ധനരാജ് രക്തസാക്ഷി ഫണ്ടിൽ പയ്യന്നൂർ എംഎൽഎ കയ്യിട്ടുവാരിയെന്ന് തുറന്നടിച്ച് ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ...

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കണ്ണൂർ സിപിഐഎമ്മിൽ വീണ്ടും കത്തിപ്പടർന്ന് ഫണ്ട് തട്ടിപ്പ് ആരോപണം. ധനരാജ് രക്തസാക്ഷി ഫണ്ടിൽ പയ്യന്നൂർ എംഎൽഎ കയ്യിട്ടുവാരിയെന്ന് തുറന്നടിച്ച് ജില്ലാ കമ്മിറ്റിയംഗം. കെട്ടിട നിർമാണത്തിനായി സഹകരണ ജീവനക്കാരിൽ നിന്ന് പിരിച്ച 70 ലക്ഷം രൂപ ആവിയായി. കുറ്റക്കാരെ പാർട്ടി അന്വേഷണ കമ്മീഷൻ വെള്ളപൂശിയെന്നും വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചു.

ടി.ഐ. മധുസൂദനൻ എംഎൽഎ അടക്കമുള്ളവർ പാർട്ടി ഫണ്ടിൽ വൻ തിരിമറി നടത്തിയെന്നാണ് വി. കുഞ്ഞികൃഷ്ണൻ്റെ ആരോപണം. ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ക്രമക്കേട് കണ്ടെത്തി. കെട്ടിട നിർമാണ ഫണ്ടിനായുള്ള രശീതി ടി.ഐ. മധുസൂദനൻ വ്യാജമായി നിർമിച്ചു. കെട്ടിട നിർമാണത്തിനായി സഹകരണ ജീവനക്കാരിൽ നിന്ന് പിരിച്ച 70 ലക്ഷം രൂപ കാണാനില്ല. വരവിലും ചെലവിലും ക്രമക്കേട് നടത്തി. പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടും ഒരു കാര്യവും ഉണ്ടായില്ല. അന്വേഷണ കമ്മീഷൻ പരാതിക്കാരനെ ക്രൂശിക്കുകയും ആരോപണ വിധേയരെ സംരക്ഷിക്കുകയും ചെയ്തു. തെളിവുകൾ ഉൾപ്പെടെ പാർട്ടിക്ക് നൽകിയിരുന്നു. പാർട്ടിയിൽ പറഞ്ഞിട്ട് കാര്യമില്ലാത്തതുകൊണ്ടാണ് പുറത്തു പറയുന്നത്. നടപടിയെ ഭയപ്പെടുന്നില്ലെന്നും കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.

സിപിഐഎമ്മിനെ വി. കുഞ്ഞികൃഷ്ണൻ ബംഗാളിലെ അവസ്ഥ ഓർമിപ്പിച്ചു. അസംതൃപ്തി പുകഞ്ഞ് പൊട്ടിത്തെറിയുണ്ടായാൽ ബംഗാളിലെ അനുഭവമാകും. പയ്യന്നൂരിലെ മാത്രമല്ല കേരളത്തിലെ പാർട്ടിയും തിരുത്തണം. 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പേരിൽ പുസ്തകം ഇറക്കുമെന്നും കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം അറിയിച്ചു.

SCROLL FOR NEXT