Source: News Malayalam 24x7
KERALA

സിപിഐഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി: നേതൃനിരയിൽ അഴിച്ചുപണി; കെ.വി. സക്കീർ ഹുസൈൻ ജില്ലാ സെക്രട്ടേറിയറ്റിൽ

പി.പി. ദിവ്യയുടെ തിരിച്ചുവരവ് അടഞ്ഞ അധ്യായമല്ലെന്ന് കെ.കെ. രാഗേഷ്...

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: സിപിഐഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് പിന്നാലെ നേതൃനിരയിൽ അഴിച്ചുപണി. കെ.വി. സക്കീർ ഹുസൈനെ ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. എം.സി. രാഘവൻ, എം. ശ്രീധരൻ എന്നിവരെ ജില്ലാ കമ്മിറ്റിയിലും ഉൾപ്പെടുത്തി. പി.പി. ദിവ്യ ഇപ്പോഴും പാർട്ടിയുടെ ഭാഗമാണെന്നും കേസ് കഴിഞ്ഞ ശേഷം തിരിച്ചുകൊണ്ടുവരുന്ന കാര്യം ആലോചിക്കുമെന്നും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിൽ വർഗീയ പ്രചരണം നടത്തിയ മുസ്ലീം ലീഗ് വിശ്വാസികളെ സിപിഐഎമ്മിൽ നിന്ന് അകറ്റിയെന്ന് കെ.കെ. രാഗേഷ് ആരോപിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ അടിത്തറയിലാണ് ലീഗ് പ്രവർത്തിച്ചത്. ന്യൂനപക്ഷങ്ങളുടെ വിശ്വാസം തിരികെ പിടിക്കാൻ നടപടി സ്വീകരിക്കും. വർഗീയതയെ എതിർക്കുന്നത് വിശ്വാസികളെ എതിർക്കലല്ല. പാർട്ടിയെ രാഷ്ട്രീയവത്കരിക്കാനുള്ള പദ്ധതി നടപ്പാക്കും. 36 ഇന ഭാവി പ്രവർത്തന പദ്ധതി തയ്യാറാക്കി. പ്രവർത്തന കലണ്ടർ തയ്യാറാക്കി അതനുസരിച്ച് പ്രവർത്തിക്കും. മത ന്യൂനപക്ഷങ്ങളിൽ പെട്ട ഒരാളെ കണ്ണൂരിൽ സ്ഥാനാർഥി ആക്കേണ്ടതായിരുന്നു. പയ്യന്നൂരിൽ പരിശോധന തുടരുകയാണ്. പരിശോധന പൂർത്തിയായാൽ ആവശ്യമായ നടപടി ഉണ്ടാകുമെന്നും കെ.കെ. രാഗേഷ് പറഞ്ഞു.

പി.പി. ദിവ്യയുടെ തിരിച്ചുവരവ് അടഞ്ഞ അധ്യായമല്ലെന്നും രാഗേഷ് പറഞ്ഞു. ദിവ്യ ഇപ്പോഴും പാർട്ടിയുടെ ഭാഗമാണ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ശേഷം അവരെ തിരിച്ചു കൊണ്ടുവരുന്ന കാര്യം ആലോചിക്കാമെന്നും രാഗേഷ് പറഞ്ഞു.

അതേസമയം, കമ്മിറ്റിയിൽ പിണറായി വിജയനും വിമർശനം ഉയർന്നു. ആരോപണങ്ങളെ പ്രതിരോധിക്കുന്നതിൽ പിണറായിക്കും പാളിയെന്ന് പ്രതിനിധികൾ വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ ഭാഗമായ പൊതുചർച്ചയിൽ വിമർശനം ഉന്നയിച്ചു. കൃത്യമായ സമയങ്ങളിൽ ഇതുസംബന്ധിച്ച് വിശദീകരിച്ച് പോകണമായിരുന്നു. സിഎംആർഎൽ-എക്സാലോജിക് കേസിൽ യഥാസമയം പ്രതികരിക്കാത്തത് അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും, കണ്ണൂരിലെ പരാജയത്തിന് കാരണമായെന്നും ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ടിൽ പരാമർശമുണ്ടായി.

SCROLL FOR NEXT