കണ്ണൂർ: സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി കൊണ്ട് വി. കുഞ്ഞികൃഷ്ണൻ ഉയർത്തിയ ഫണ്ട് വിവാദത്തിൽ പ്രതികരിച്ച് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദം അനുഭാവി യോഗം വിളിച്ച് വിശദീകരിക്കുമെന്നും, അത് മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും കെ.കെ. രാഗേഷ് വ്യക്തമാക്കി.
എല്ലാ ബൂത്തുകളിലും യോഗം വിളിച്ച് വരവ്-ചെലവ് കണക്ക് അവതരിപ്പിക്കും. ധനരാജ് രക്തസാക്ഷി ഫണ്ട് പിരിച്ചത് പൊതുജനങ്ങളിൽ നിന്നല്ലെന്നും, അത് പാർട്ടി മെമ്പർമാരിൽ നിന്നും സഹകരണ ജീവനക്കാരിൽ നിന്നും മാത്രമാണ് എന്നും രാഗേഷ് ചൂണ്ടിക്കാട്ടി.
വി. കുഞ്ഞികൃഷ്ണൻ്റെ 'അണികൾ നേതാക്കളെ തിരുത്തണം' എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ കണ്ടത് സിപിഐഎം വിരുദ്ധരുടെ സംഗമമാണ്. അതിൻ്റെ ലക്ഷ്യം ഏതൊരാൾക്കും മനസിലാകുമെന്നും രാഗേഷ് പറഞ്ഞു.
വി. കുഞ്ഞികൃഷ്ണൻ്റെ കണക്ക് ഭാവനാപരമായ സൃഷ്ടിയാണ്. പാർട്ടിയെ കുറിച്ച് അടിസ്ഥാന ധാരണ ഇല്ലാതെ കാര്യങ്ങൾ വിളിച്ച് പറയുകയാണ്. ടി. ഐ. മധുസൂദനനെ വ്യക്തിപരമായി അവഹേളിക്കുന്നതാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. കുഞ്ഞികൃഷ്ണൻ്റെ വിഷയം രക്തസാക്ഷി ഫണ്ടല്ല, അത് മധുസൂദനനോടുള്ള പകയാണ്. പകയുടെ കണക്ക് പുസ്തകം എന്ന പേരാണ് പുസ്തകത്തിന് ചേരുക എന്നും രാഗേഷ് പരിഹസിച്ചു.