KERALA

സിപിഐഎം സംസ്ഥാന കമ്മിറ്റിക്ക് ഇന്ന് തുടക്കം; തെറ്റു തിരുത്തല്‍ ചര്‍ച്ചകളില്‍ കണ്ണൂരിലെ തിരിച്ചടികള്‍ പ്രധാന വിഷയമാകും

കണ്ണൂരിൽ നിന്നുള്ള നേതാക്കളുടെ നിലപാടുകളും ശ്രദ്ധേയമാകും

Author : ന്യൂസ് ഡെസ്ക്

സിപിഐഎം സംസ്ഥാന കമ്മിറ്റി കോഴിക്കോട് ചേരുമ്പോൾ ചർച്ചകളിലെ പ്രധാന ശ്രദ്ധാ കേന്ദ്രമാകുക കണ്ണൂരാകും. ജില്ലയിലെ പാർട്ടിയുടെ വിശ്വസ്ത കേന്ദ്രങ്ങളിലെ പരാജയത്തിൽ സജീവ ചർച്ച ഉറപ്പാണ്. ഒപ്പം കണ്ണൂരിൽ നിന്നുള്ള നേതാക്കളുടെ നിലപാടുകളും ശ്രദ്ധേയമാകും.

തെറ്റ് തിരുത്താൻ സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ചേരുമ്പോൾ പ്രധാന ചർച്ചാ വിഷയങ്ങളിൽ ഒന്ന് കണ്ണൂരിലെ തളിപ്പറമ്പും പയ്യന്നൂരും തന്നെയാകും. ഉരുക്കുകോട്ടകൾ ഉരുകിയൊലിച്ചതിൽ ചൂടേറിയ ചർച്ച നടക്കാനാണ് സാധ്യത. പി.കെ. ശ്യാമളയാകും സ്ഥാനാർഥി എന്ന സൂചനകൾ വന്നയുടൻ എതിർപ്പുയർന്നതാണ് തളിപ്പറമ്പിൽ. പൊതുമധ്യത്തിൽ എതിർപ്പ് നിലനിൽക്കേ ശ്യാമള തന്നെയെന്ന് നേതൃത്വം പ്രഖ്യാപിച്ചു. അണികൾ അത് അംഗീകരിക്കുമെന്ന് വിശ്വസിച്ചു. എന്നാൽ ഫലം വന്നപ്പോൾ കണക്കുകൂട്ടലുകൾ പാടെ പിഴച്ചു. അണികളുടെ മനസും വികാരവും അറിയുന്നതിൽ നേതൃത്വത്തിന് ഉണ്ടായ ഈ വീഴ്ച തന്നെയാവും പ്രധാന ചർച്ച.

എം.വി. ഗോവിന്ദന്റെ പിന്തുടർച്ചയായി ശ്യാമളയെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനവും ചോദ്യം ചെയ്യപ്പെട്ടേക്കാം. സ്വപ്നത്തിൽ പോലും പയ്യന്നൂരിൽ പരാജയം മുന്നിൽ കാണാൻ പറ്റാതിരുന്നത് ആരുടെ പിഴവെന്ന ചോദ്യം ഉയരാൻ സാധ്യതയുണ്ട്. ടി.ഐ. മധുസൂദനനെതിരെ ഉയർന്ന ആരോപണത്തെ ശരിയായി പ്രതിരോധിച്ചോ എന്ന ചോദ്യമുയർന്നാൽ, ജില്ലാ നേതൃത്വത്തിന് പ്രത്യേകിച്ച് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നേക്കാം. വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും പാർട്ടിയുടെ ഭാഗമായി നിന്ന് തന്നെ എതിർ ചേരിയിലേക്ക് പാലമിടുമ്പോഴും അപകടം മണത്തറിയാൻ കഴിയാതെ പോയത് എന്തെന്നതും തിരുത്തലുകളിൽ ഒന്നിനുള്ള ദിശാ സൂചികയാണ്.

മട്ടന്നൂരിൽ നിന്ന് കെ.കെ. ശൈലജയെ പേരാവൂരിലേക്ക് മാറ്റി മത്സരിപ്പിച്ചത് സദുദ്ദേശ്യത്തോടെയോ എന്ന് വിശദീകരിക്കേണ്ടി വരും സംസ്ഥാന നേതൃത്വത്തിന്. കണ്ണൂരിൽ നിന്നുള്ള മുതിർന്ന നേതാക്കളുടെ നിലപാടും വിശാല സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഇ.പി. ജയരാജനും, പി.കെ. ശ്രീമതിയും, കെ.കെ. ശൈലജയും, പി. ജയരാജനും തിരുത്തലിന് വേണ്ടി വാദിക്കുമോ, പിണറായിപ്പാതയിൽ ജനത്തിനും തെറ്റ് പറ്റിയെന്ന പൊതുവിലയിരുത്തലിനൊപ്പം നിൽക്കുമോ ഇവരും. കണ്ണൂർ പാർട്ടിയുടെ ഭാവി നീക്കങ്ങളുടെ അച്ചുവാർക്കൽ കൂടിയാകും വിശാല സംസ്ഥാന കമ്മിറ്റി എന്നതിലും സംശയമില്ല.

SCROLL FOR NEXT