കൊല്ലം: സിപിഐഎം വിട്ട് കോൺഗ്രസിലെത്തിയ മുൻ എംഎൽഎ ഐഷാ പോറ്റിക്കെതിരെ സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി. ഐഷാ പോറ്റിയുടെ നിലപാട് അവസരവാദപരമെന്ന് ജില്ലാ കമ്മിറ്റി. പാർട്ടിയാണ് ഐഷാ പോറ്റിയെ എംഎൽഎ ആക്കിയതും ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കിയതും. അധികാരം ഇല്ലാത്തപ്പോൾ ഒഴിഞ്ഞുമാറുന്നത് പാർട്ടി പ്രവർത്തകയ്ക്ക് ചേർന്നതല്ലെന്നും വിമർശനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയിൽ സജീവം അല്ലാതെ ആയി. ഏത് സാഹചര്യത്തിലാണ് ഐഷാ പോറ്റി കോൺഗ്രസിലേക്ക് പോയതെന്ന് മനസിലാകുന്നില്ല. അവസരവാദപരമായ നിലപാട് കൊട്ടാരക്കരയിലെ പാർട്ടി പ്രവർത്തകർ മനസിലാക്കുമെന്നും സിപിഐഎം ജില്ലാ കമ്മിറ്റി പ്രതികരിച്ചു.
രാഷ്ട്രീയ വിസ്മയം സംഭവിക്കുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെയാണ് തലസ്ഥാനത്തെ സമര വേദിയിലേക്ക് ഐഷ പോറ്റി നാടകീയമായി രംഗപ്രവേശം ചെയ്തത്. ഐഷ കൊട്ടാരക്കരയിൽ മത്സരിക്കുമെന്ന അസാധാരണ പ്രഖ്യാപനം കൊടിക്കുന്നിൽ സുരേഷ് നടത്തി. പലതും തരണം ചെയ്താണ് ഇവിടെ വരെ എത്തിയതെന്നും ആർക്കും ദേഷ്യം തോന്നേണ്ടെന്നും ഐഷാ പോറ്റി വേദിയിൽ പറഞ്ഞു. കോൺഗ്രസ് പഴയ തറവാടാണെന്നും ഐഷ കൂട്ടിച്ചേർത്തു.
കോൺഗ്രസിൽ ചേരുന്നതിൽ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപം ഉണ്ടാകും. എന്നാൽ അതിനെ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് ഐഷ പോറ്റി പറയന്നു. ഒരു അധികാര മോഹിയല്ല താൻ. എംഎൽഎ ആയിരുന്ന സമയത്ത് പിആർ വർക്ക് ചെയ്തിട്ടില്ല. ഐഷ പോറ്റി വക്കീൽ ഓഫീസിൽ ഒതുങ്ങരുതെന്ന് എല്ലാവരും പറഞ്ഞിരുന്നു. അധികാരത്തിൽ അസ്വസ്ഥതയില്ലെന്നും ഐഷ പോറ്റി വ്യക്തമാക്കി.
25 കൊല്ലത്തോളം താൻ ജനപ്രതിനിധിയായിരുന്നു. അന്നത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇന്ന് സിപിഐഎമ്മിൽ. കുറച്ചുപേർ ചേർന്ന് എല്ലാം തീരുമാനിക്കുകയാണ്. ഒരുപാട് തിക്താനുഭവങ്ങൾ ഉണ്ടായി. അതെല്ലാം ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. ഇനിയുണ്ടാകുന്ന വിമർശനങ്ങൾ തന്നെ ശക്തയാക്കുമെന്നും ഐഷ കൂട്ടിച്ചേർത്തു.