KERALA

കട്ടൻ ചായയും പരിപ്പുവടയും അല്ല! ഇ. പി. ജയരാജൻ്റെ ആത്മകഥ 'ഇതാണെൻ്റെ ജീവിതം'; പ്രകാശനം നവംബർ മൂന്നിന്

നവംബർ മൂന്നിന് കണ്ണൂരിൽ വച്ച് നടക്കുന്ന ചടങ്ങിൽ കണ്ണൂരിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ്റെ ആത്മകഥ നവംബർ മൂന്നിന് പ്രകാശനം ചെയ്യും. 'ഇതാണെൻ്റെ ജീവിതം' എന്നാണ് ആത്മകഥയുടെ പേര്. നവംബർ മൂന്നിന് കണ്ണൂരിൽ വച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ എഴുത്തുകാരൻ ടി. പത്മനാഭന് നൽകി പുസ്തകം പ്രകാശനം ചെയ്യും. മാതൃഭൂമി ബുക്സ് ആണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നത്.

നേരത്തെ ഡിസി ബുക്സ് പ്രസിദ്ധീകരിക്കാനിരുന്ന ആത്മകഥ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. കട്ടൻ ചായയും പരിപ്പുവടയും എന്ന പേരിൽ ആത്മകഥ ഇറങ്ങുന്നതെന്നും, നിരവധി വിവാദ പരാമർശങ്ങൾ പുസ്തകത്തിലുണ്ടെന്ന് അടക്കമുള്ള കാര്യങ്ങൾ പ്രചരിച്ചിരുന്നു. വിവാദങ്ങൾ കൊഴുത്തപ്പോൾ ഇപ്പോൾ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും, അങ്ങനെ ഒരു പേരിൽ താൻ ആത്മകഥ എഴുതിയിട്ടില്ലെന്നും ഇ. പി. ജയരാജൻ വ്യക്തമാക്കിയിരുന്നു.

ആത്മകഥയുടെ ഭാഗമെന്ന നിലയിൽ പുറത്ത് വന്ന ഭാഗങ്ങളിൽ രണ്ടാം പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉണ്ടായിരുന്നത്. കൂടാതെ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പി സരിനെതിരെയും ജയരാജൻ വിമർശനം ഉന്നയിച്ചതായി പുറത്തുവന്ന ഭാഗങ്ങളിൽ പരാമർശം ഉണ്ടായിരുന്നു. തൻ്റെ അനുമതി ഇല്ലാതെ ഡിസി ബുക്സ് താൻ പറയാത്ത കാര്യങ്ങൾ പുറത്തുവിട്ടെന്നും, അതിനാൽ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ് എന്നും, ജയരാജൻ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ഡിസി ബുക്സിനെതിരെ കേസും കൊടുത്തിരുന്നു.

SCROLL FOR NEXT