KERALA

അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവം: പരാതിയില്‍ പരിഹാരമില്ലാത്തത് ഭരണകൂട പരാജയം; സർക്കാരിനെതിരെ ജി. സുധാകരന്‍

''ശമ്പളക്കുടിശ്ശിക കിട്ടാനായി ഒരു അധ്യാപിക അനുഭനവിച്ച ദുരിതത്തിനിടയില്‍ അവരുടെ ഭര്‍ത്താവ് മരിച്ചു. അവരുടെ ദുഃഖം പലരോടും പലതവണ പറഞ്ഞിട്ടും ഫലമുണ്ടായില്ല''

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ടയില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ സർക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐഎം നേതാവ് ജി. സുധാകരന്‍. ഉദ്യോഗസ്ഥരുടെ അലംഭാവം പരാതിപ്പെട്ടിട്ടും പരിഹാരമില്ലാത്തത് ഭരണകൂടത്തിന്റെ പരാജയമാണെന്നും പത്തനംതിട്ട സംഭവം ഭാവിയിലേക്കുള്ള താക്കീതെന്നും സുധാകരന്‍. മലയാള മനോരമ പത്രത്തിലാണ് ഭരണകൂടത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനം.

കഴിഞ്ഞ ദിവസമാണ് എയ്ഡഡ് സ്‌കൂള്‍ അധ്യാപികയുടെ ഭര്‍ത്താവ് കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയത്. 14 വര്‍ഷമായി ഭാര്യയുടെ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്നാണ് കൃഷി വകുപ്പ് ജീവനക്കാരനായ ഷിജോ ജീവനൊടുക്കിയതെന്നാണ് പരാതി.

'ചുവപ്പുനാടയില്‍ ജീവിതങ്ങള്‍ കുടുങ്ങിക്കിടക്കുന്നതിന്റെ ദുഃഖകരമായ അനുഭവമാണ് പത്തനംതിട്ട അത്തിക്കയത്ത് നിന്ന് കേള്‍ക്കുന്നത്. 12 വര്‍ഷത്തെ ശമ്പളക്കുടിശ്ശിക കിട്ടാനായി ഒരു അധ്യാപിക അനുഭനവിച്ച ദുരിതത്തിനിടയില്‍ അവരുടെ ഭര്‍ത്താവ് മരിച്ചു. അവരുടെ ദുഃഖം പലരോടും പലതവണ പറഞ്ഞിട്ടും ഫലമുണ്ടായില്ല. മാധ്യമങ്ങള്‍ ഏറെ പറഞ്ഞിട്ടും ആരും ആ മരണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല,' ജി. സുധാകരന്‍ പറഞ്ഞു.

സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥര്‍ ന്യായമായ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്ന് മേലധികാരികളോട് പറഞ്ഞിട്ടും പ്രയോജനമില്ലെങ്കില്‍ അവിടെ ഭരണകൂടം പരാജയപ്പെടുന്നുവെന്നും ജി. സുധാകരന്‍ വിമര്‍ശിക്കുന്നു. പത്തനംതിട്ടയിലെ സംഭവം ഒരു ചൂണ്ടു വിരല്‍ ആണ്. ഭാവിയിലേക്കുള്ള താക്കീതാണ്. ഉദ്യോഗസ്ഥരെ നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്ന് അത് കാണിക്കുന്നു.

ഉദ്യോഗസ്ഥരെ നിയന്ത്രിക്കേണ്ടത് ആവശ്യമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഫയലുകള്‍ കെട്ടിക്കിടക്കുന്ന സംഭവത്തില്‍ ഉപദേശങ്ങള്‍ കൊണ്ട് കാര്യമില്ല നടപടിയാണ് വേണ്ടത്. അല്ലെങ്കില്‍ അത് ഭരണകൂടത്തിന്റെ കുറ്റമായി വരും. ഉത്തരവാദിത്വം നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ്.

വലിയൊരു വിഭാഗത്തിനും ഉത്തരവാദിത്ത ശൂന്യതയുണ്ട്. ഉദ്യോഗസ്ഥരുടെ ചെറിയ ശതമാനം കുറ്റങ്ങള്‍ മാത്രമേ പുറത്തു വരുന്നുള്ളൂ. രാഷ്ട്രീയക്കാര്‍ക്ക് അഴിമതി നടത്താനും ഉദ്യോഗസ്ഥരുടെ സഹായം ആവശ്യമാണെന്നും ലേഖനത്തില്‍ വിമര്‍ശനമുന്നയിക്കുന്നു. ഉദ്യോഗസ്ഥരുടെ ചെറിയ ഒരു ശതമാനം കുറ്റം മാത്രമേ പുറത്തുവരുന്നുള്ളു. രാഷ്ട്രീയക്കാര്‍ക്ക് അഴിമതി നടത്താനും ഉദ്യോഗസ്ഥരുടെ സഹായം ആവശ്യമാണെന്നും ലേഖനത്തില്‍ പറയുന്നു.

ജീവനക്കാരന്റെ ആത്മഹത്യയില്‍ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ അനില്‍കുമാര്‍ എന്‍. ജി., സൂപ്രണ്ട് ഫിറോസ് എസ്, സെക്ഷന്‍ ക്ലര്‍ക്ക് ബിനി ആര്‍ എന്നിവരെ അന്വേഷണവിധേയമായി പൊതു വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. മരിച്ച ഷിജോയുടെ ഭാര്യ ലേഖ രവീന്ദ്രന്‍ ജോലി ചെയ്തിരുന്ന പത്തനംതിട്ട സെന്റ് ജോസഫ് എച്ച്.എസ്. നാറാണംമൂഴിയിലെ പ്രധാന അധ്യാപികയെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ്, പത്തനംതിട്ട നാരായണന്‍മൂഴി സ്വദേശി ഷിജോ വി.ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 47 വയസായിരുന്നു. ഏറെക്കാലമായി മുടങ്ങിക്കിടന്ന ഷിജോയുടെ ഭാര്യയുടെ ശമ്പളം നല്‍കാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഡിഇഒ ഓഫീസില്‍ നിന്നും തുടര്‍നടപടി ഉണ്ടായില്ലെന്നാണ് ഷിജോയുടെ പിതാവ് ത്യാഗരാജന്‍ ആരോപിക്കുന്നത്.

SCROLL FOR NEXT