ആലപ്പുഴ: സൈബർ ആക്രമണത്തിൽ പരാതി നൽകി മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരന്‍. കുറച്ചുനാളായി തൻ്റെ പടത്തിനൊപ്പം അശ്ലീലവും ക്രിമിനൽ സ്വഭാവമുള്ളതുമായ പോസ്റ്റുകൾ പ്രചരിക്കുന്നു. തന്നെ മനപ്പൂർവ്വം അപമാനിക്കാൻ ശ്രമം നടക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.
അമ്പലപ്പുഴ ഡിവൈഎസ്‌പിക്ക് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് സുധാകരന്‍ പരാതി നൽകിയത്. തനിക്കെതിരെ തുടർച്ചയായി സൈബറാക്രമണം നടക്കുന്നതുമായി ബന്ധപ്പെട്ട് ജി. സുധാകരൻ സൈബർ പൊലീസിന് ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
മുന്നറിയിപ്പ്:
ജാഗ്രത !
'സ. പിണറായി വിജയന് ജി. സുധാകരൻ അയച്ച കവിത വൈറലാകുന്നു' എന്നു പറഞ്ഞ് ഇപ്പോൾ ഒരു അസഭ്യ കവിത താഴെയുള്ള എന്റെ പടത്തോടുകൂടി കോഴിക്കോട്ടുള്ള ഒരു സുഹൃത്ത് ബാബു ചെറിയാൻ അവരുടെ ഗ്രൂപ്പിൽ വന്നതായി അയച്ചുതന്നു.
കുറച്ചുനാളായി എന്റെ പടത്തോടുകൂടി ക്രിമിനൽ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ സർക്കുലേറ്റ് ചെയ്യുന്നു. ഇത് മനപ്പൂർവം എന്നെ അപമാനിക്കാൻ വേണ്ടിയാണ്. സൈബർ പോലീസ് ഇത് ശ്രദ്ധിച്ചാൽ കൊള്ളാം. ഗുരുതരമായ സൈബർ കുറ്റമാണിത്.