ജി. സുധാകരൻ, ഷിൻ്റോ Source: facebook
KERALA

"പറഞ്ഞത് ഇന്ത്യൻ ഭരണകൂടത്തെക്കുറിച്ച്, കേരള സർക്കാർ അതിൻ്റെ ചെറിയ ഭാഗം മാത്രം"; വിശദീകരണവുമായി ജി. സുധാകരൻ

പത്തനംതിട്ടയില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തിലാണ് ജി. സുധാകരൻ സർക്കാരിനെതിരെ വിമർശനമുന്നയിച്ചത്

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: സർക്കാരിനെതിരെ ലേഖനമെഴുതിയ സംഭവത്തിൽ വിശദീകരണവുമായി സിപിഐഎം നേതാവ് ജി. സുധാകരൻ. താൻ പറഞ്ഞത് ഇന്ത്യൻ ഭരണകൂടത്തെ കുറിച്ചാണെന്നാണ് ജി. സുധാകരൻ്റെ വിശദീകരണം. ഇന്ത്യൻ ഭരണകൂടത്തിന്റെ ചെറിയ രൂപം മാത്രമാണ് കേരള സർക്കാരെന്നും ജി. സുധാകരൻ പ്രതികരിച്ചു. പത്തനംതിട്ടയില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തിലാണ് ജി. സുധാകരൻ സർക്കാരിനെതിരെ വിമർശനമുന്നയിച്ചത്.

കഴിഞ്ഞ ദിവസമാണ് എയ്ഡഡ് സ്‌കൂള്‍ അധ്യാപികയുടെ ഭര്‍ത്താവ് കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയത്. 14 വര്‍ഷമായി ഭാര്യയുടെ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്നാണ് കൃഷി വകുപ്പ് ജീവനക്കാരനായ ഷിജോ ജീവനൊടുക്കിയതെന്നാണ് പരാതി. ഉദ്യോഗസ്ഥരുടെ അലംഭാവം പരാതിപ്പെട്ടിട്ടും പരിഹാരമില്ലാത്തത് ഭരണകൂടത്തിന്റെ പരാജയമാണെന്നും പത്തനംതിട്ട സംഭവം ഭാവിയിലേക്കുള്ള താക്കീതെന്നുമായിരുന്നു സുധാകരന്റെ വിമർശനം. ഉത്തരവാദിത്വം നിർവഹിക്കുന്ന ഉദ്യോഗസ്ഥർ ചുരുക്കമെന്നും മലയാള മനോരമ പത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നുണ്ട്.

വിഷയത്തിൽ ശമ്പളം പാസാക്കി കൊടുക്കാൻ മന്ത്രി വി. ശിവൻകുട്ടി ഇടപെട്ടുവന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞെന്ന് സുധാകരൻ പറയുന്നു. സസ്പെൻഷൻ കൊണ്ട് കാര്യമില്ല. പറഞ്ഞാൽ കേൾക്കാത്തവർ ആ സ്ഥാനത്ത് ഉണ്ടാകരുത്. സസ്പെൻഷൻ പരമസുഖമാണെന്നും, ചോദിച്ചു വാങ്ങി വേറെ പണിക്ക് പോകുന്നവരുണ്ടെന്നും സുധാകരൻ പറഞ്ഞു.

കൃഷിവകുപ്പ് ജീവനക്കാരന്റെ ആത്മഹത്യയില്‍ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ അനില്‍കുമാര്‍ എന്‍. ജി., സൂപ്രണ്ട് ഫിറോസ് എസ്, സെക്ഷന്‍ ക്ലര്‍ക്ക് ബിനി ആര്‍ എന്നിവരെ അന്വേഷണവിധേയമായി പൊതു വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. മരിച്ച ഷിജോയുടെ ഭാര്യ ലേഖ രവീന്ദ്രന്‍ ജോലി ചെയ്തിരുന്ന പത്തനംതിട്ട സെന്റ് ജോസഫ് എച്ച്.എസ്. നാറാണംമൂഴിയിലെ പ്രധാന അധ്യാപികയെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ്, പത്തനംതിട്ട നാരായണന്‍മൂഴി സ്വദേശി ഷിജോ വി.ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 47 വയസായിരുന്നു. ഏറെക്കാലമായി മുടങ്ങിക്കിടന്ന ഷിജോയുടെ ഭാര്യയുടെ ശമ്പളം നല്‍കാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഡിഇഒ ഓഫീസില്‍ നിന്നും തുടര്‍നടപടി ഉണ്ടായില്ലെന്നാണ് ഷിജോയുടെ പിതാവ് ത്യാഗരാജന്‍ ആരോപിക്കുന്നത്.

SCROLL FOR NEXT