കൊച്ചി: യൂട്യൂബർ കെ.എം. ഷാജഹാന്റെ അറസ്റ്റിൽ പൊലീസിന് നന്ദി അറിയിച്ച് സിപിഐഎം നേതാവ് കെ.ജെ.ഷൈൻ. മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായതിൽ സന്തോഷമെന്നായിരുന്നു ഷൈനിന്റെ പ്രസ്താവന. പൊതുഇടത്തിലെ മാലിന്യം ഇല്ലാതാക്കാൻ എല്ലാവരും ശ്രമിക്കണം.ഗൂഢാലോചന ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കട്ടെ. ഇത്തരത്തിലുള്ള മാലിന്യങ്ങളെ പൊതുസമൂഹത്തിൽ നിന്ന് തുടച്ച് മാറ്റണമെന്നും പോരാട്ടം തുടരുമെന്നും ഷൈൻ പറഞ്ഞു.
സൈബർ ആക്രമണ കേസിൽ അറസ്റ്റിലായ യൂട്യൂബർ കെ.എം. ഷാജഹാനെ പൂട്ടാനൊരുങ്ങുകയാണ് പൊലീസ്. കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎയുടെ പരാതിയിലും ഷാജഹാനെ പ്രതിയാക്കും. അപവാദ പ്രചാരണത്തിൽ മാത്രം ഷാജഹാനെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്യും. അതേസമയം തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത ഷാജഹാനെ ആലുവ സൈബർ സ്റ്റേഷനിൽ എത്തിച്ചു.
അതേസമയം മുഖ്യമന്ത്രിക്ക് എതിരെ ഒരുപാട് പറയാനുണ്ടെന്നായിരുന്നു ഷാജഹാൻ്റെ പ്രസ്താവന. അന്വേഷണം കഴിഞ്ഞുവരുമ്പോൾ എല്ലാം പറയാമെന്നും അറസ്റ്റിന് പിന്നാലെ ഷാജഹാൻ പറഞ്ഞു. ചെങ്ങമനാട് എസ്എച്ച്ഒ ആക്കുളത്തെ വീട്ടിൽ നിന്നാണ് കെ.എം. ഷാജഹാനെ അറസ്റ്റ് ചെയ്തത്. റൂറൽ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത പുതിയ കേസിലാണ് അറസ്റ്റ്. അറസ്റ്റിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ.എം. ഷാജഹാന് പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് കൊച്ചിയിലേക്ക് കൊണ്ടുവന്നത്.