KERALA

"ബിജെപി ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങൾക്ക് എക്സ്റ്റൻഷൻ നൽകുന്ന ആള്‍"; വെള്ളാപ്പള്ളിയെ കടന്നാക്രമിച്ച് പി. ജയരാജന്‍

1935ല്‍ സി. കേശവന്റെ കോഴഞ്ചേരി പ്രസംഗം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ജയരാജന്റെ വാക്കുകള്‍

Author : ന്യൂസ് ഡെസ്ക്

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നിശിതഭാഷയില്‍ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജന്‍. നായാടി മുതല്‍ നമ്പൂതിരി വരെ എന്ന് ബിജെപി മുദ്രാവാക്യം ഉയര്‍ത്തുമ്പോള്‍, നായാടി മുതല്‍ നസ്രാണി വരെ എന്ന് എക്സ്റ്റന്‍ഷന്‍ നല്‍കുന്നയാളാണ് വെള്ളാപ്പള്ളിയെന്ന് ജയരാജന്‍ പറഞ്ഞു. നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി 1935ല്‍ സി. കേശവന്‍ നടത്തിയ കോഴഞ്ചേരി പ്രസംഗം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ജയരാജന്റെ വാക്കുകള്‍.

പെരുമ്പാവൂരിൽ പി.ആർ. ശിവൻ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ജയരാജന്റെ വെള്ളാപ്പള്ളി വിമര്‍ശനം. സാര്‍വത്രിക വോട്ടവകാശം എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു നിവര്‍ത്തന പ്രക്ഷോഭം. സര്‍ക്കാര്‍ ഓഫീസുകളില്‍ ഈഴവര്‍ക്കും മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജോലി നല്‍കുമായിരുന്നില്ല. കാര്യക്ഷമത ഇല്ലാത്തവര്‍ എന്നാണ് ഈ വിഭാഗത്തെ വിശേഷിപ്പിച്ചിരുന്നത്. അത് എതിര്‍ത്തുകൊണ്ടാണ് സി. കേശവന്‍ കോഴഞ്ചേരിയില്‍ പ്രസംഗിച്ചത്. ആ പ്രസംഗത്തിന്റെ അവസാനമാണ് അദ്ദേഹം ശിക്ഷിക്കപ്പെടാനുള്ള പ്രയോഗം നടത്തിയത്. സര്‍ സിപി ജന്തുവാണെന്നു പറഞ്ഞ കേശവന്‍ തൊട്ടടുത്ത വാചകത്തില്‍ ജന്തു എന്നത് ഹിന്ദുവാണ് എന്നു കൂടി കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ഈഴവനോട് പറയുന്നത് ഹിന്ദു ആകൂ എന്നാണ്. 1935ല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായിരുന്ന സി. കേശവന്‍ അതിനെ ജന്തുവിനെ പോലെ ഒന്നായി വിശേഷിപ്പിക്കാന്‍ കഴിഞ്ഞിരുന്ന കേരളത്തില്‍, ഇപ്പോള്‍ എന്താണ് നടക്കുന്നത്. നായാടി മുതൽ നമ്പൂതിരി വരെ എന്ന് ബിജെപി പറയുമ്പോൾ, നായാടി മുതൽ നസ്രാണി വരെ എന്ന് പറയുന്ന ആളാണ് വെള്ളാപ്പള്ളി. സി. കേശവനില്‍നിന്ന് വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണ്? അത് ശ്രീനാരായണീയരാണ് ചിന്തിക്കേണ്ടത്. ചിന്തിപ്പിക്കാനുള്ള ഇടപെടല്‍ ഉണ്ടാകണമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT