കാസർഗോഡ്: തൃക്കരിപ്പൂരിൽ പിതാവ് ജീവനൊടുക്കാൻ കാരണം സിപിഐഎം പ്രാദേശിക നേതാക്കളുടെ ഭീഷണിയാണെന്ന പരാതിയുമായി മക്കൾ രംഗത്ത്. ഇടയിലക്കാട് സ്വദേശി പവിത്രൻ്റെ മക്കളാണ് സിപിഐഎം നേതൃത്വത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ചില നേതാക്കളിൽ നിന്ന് പിതാവിന് മാനസിക പീഡനമുണ്ടായെന്നും ജീവനോപാദി ഇല്ലാതാക്കിയതാണ് മരണകാരണമെന്നും ചൂണ്ടിക്കാട്ടി മകൾ അഖില ചന്തേര പൊലീസിൽ പരാതി നൽകി.
വലിയപറമ്പ് പഞ്ചായത്തിലെ ഇടയിലക്കാട്ടിൽ വീട്ടിനോട് ചേർന്നുള്ള ഷെഡുകളിൽ 36 വർഷമായി കോഴി ഫാം നടത്തിവരികയായിരുന്ന പവിത്രനെ കഴിഞ്ഞ മാസം 22 നാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. രണ്ട് വർഷത്തോളമായി കോഴിഫാമിനെതിരെ സിപിഐഎം പ്രാദേശിക നേതാവിൻ്റെ നേതൃത്വത്തിൽ പലയിടങ്ങളിലായി പരാതി നൽകിയിരുന്നു. ഇതോടെ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ സർട്ടിഫിക്കറ്റില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സിപിഐഎം ഭരിക്കുന്ന വലിയ പറമ്പ് പഞ്ചായത്ത് കോഴി ഫാം അടച്ചുപൂട്ടി.
കോഴി ഫാമിനെതിരെ പരാതി നൽകിയവരുമായി സ്വത്ത്കേസ് നിലനിൽക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം പവിത്രൻ മരിച്ചെന്ന് പ്രചരിപ്പിക്കാനാണ് പഞ്ചായത്ത് ഭരണസമിതിയടക്കം ശ്രമിക്കുന്നതെന്നും കുടുംബം ആരോപിച്ചു.
പവിത്രൻ്റെ മരണത്തിൽ സംശയമുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് മകൾ അഖില ചന്തേര പൊലീസിൽ പരാതി നൽകിയത്. എന്നാൽ ഫാമിനെതിരെ നിരന്തരം പരാതി ഉയർന്നിട്ടും പവിത്രനെ സഹായിക്കുന്ന സമീപനമാണ് വലിയ പറമ്പ് പഞ്ചായത്ത് സ്വീകരിച്ചതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)