തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ നേതൃത്വത്തിന് രൂക്ഷവിമർശനം. വെള്ളാപ്പള്ളിയെ തള്ളിപ്പറയാതിരുന്നത് ന്യൂനപക്ഷങ്ങളെ അകറ്റിയെന്നും, ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്ത് നിന്ന് അകന്നത് പാർട്ടിക്ക് മനസിലാക്കാൻ കഴിഞ്ഞില്ലെന്നും വിമർശനം ഉയർന്നു.
കണ്ണൂരിലെ സ്ഥിതി ഗൗരവമെന്നും സംസ്ഥാന കമ്മിറ്റിയിൽ അംഗങ്ങൾ വിലയിരുത്തി. പയ്യന്നൂരിലും തളിപ്പറമ്പിലും നേതൃത്വത്തിന് വീഴ്ച സംഭവിച്ചു. സിപിഐയുടെ ചില നിലപാടുകളും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. എൽഡിഎഫിൻ്റെ വോട്ടുകളിൽ ആശയക്കുഴപ്പമുണ്ടാക്കി എന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
ജനവികാരം തിരിച്ചറിയുന്നതിൽ സർക്കാരും നേതൃത്വവും പരാജയപ്പെട്ടു എന്നും, പാർട്ടി സംഘടന സംവിധാനം താഴെ തട്ടു മുതൽ ദുർബലമായി എന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിലയിരുത്തിയിരുന്നു.
പാർട്ടി സംഘടന സംവിധാനം താഴെ തട്ടുമുതൽ ദുർബലമായി എന്നും വിമർശനം. പലയിടത്തും സ്ഥാനാർത്ഥിത്വത്തിൽ ഉൾപ്പെടെ പാളിച്ച ഉണ്ടായി. കണ്ണൂരിലെ പാർട്ടി കോട്ടകളിൽ തിരിച്ചടി ഉണ്ടായത് പ്രശ്നങ്ങൾ ഗൗരവത്തോടെ കാണാത്തത് മൂലമെന്നും വിമർശനം ഉയർന്നിരുന്നു.