KERALA

പാര്‍ട്ടിക്കെതിരെ ആരോപണം; വി. കുഞ്ഞികൃഷ്ണനെതിരെ സിപിഐഎം നടപടിയെടുത്തേക്കും

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ജാഗ്രതയോടെയുള്ള നീക്കത്തിനാണ് സിപിഐഎം ഒരുങ്ങുന്നത്

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: സിപിഐഎമ്മിനെ വെട്ടിലാക്കിയ തുറന്നുപറച്ചിലിൽ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന് എതിരെ നടപടിക്ക് സാധ്യത. പാർട്ടി ശത്രുക്കൾക്ക് കുഞ്ഞികൃഷ്ണൻ ആയുധമായെന്ന് ജില്ലാ നേതൃത്വത്തിൻ്റെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ജാഗ്രതയോടെയുള്ള നീക്കത്തിനാണ് സിപിഐഎം ഒരുങ്ങുന്നത്. അതേസമയം, വി. കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരിൽ ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.

ധനരാജ് രക്തസാക്ഷി ഫണ്ടിൽ പയ്യന്നൂർ എംഎൽഎ കയ്യിട്ടുവാരിയെന്നായിരുന്നു ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ്റെ ആരോപണം. കെട്ടിട നിർമാണത്തിനായി സഹകരണ ജീവനക്കാരിൽ നിന്ന് പിരിച്ച 70 ലക്ഷം രൂപ ആവിയായി. കുറ്റക്കാരെ പാർട്ടി അന്വേഷണ കമ്മീഷൻ വെള്ളപൂശിയെന്നും വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു. ടി.ഐ. മധുസൂദനൻ എംഎൽഎ അടക്കമുള്ളവർ പാർട്ടി ഫണ്ടിൽ വൻ തിരിമറി നടത്തിയെന്നും വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു.

ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ക്രമക്കേട് കണ്ടെത്തി. കെട്ടിട നിർമാണ ഫണ്ടിനായുള്ള രശീതി ടി.ഐ. മധുസൂദനൻ വ്യാജമായി നിർമിച്ചു. കെട്ടിട നിർമാണത്തിനായി സഹകരണ ജീവനക്കാരിൽ നിന്ന് പിരിച്ച 70 ലക്ഷം രൂപ കാണാനില്ല. വരവിലും ചെലവിലും ക്രമക്കേട് നടത്തി. പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടും ഒരു കാര്യവും ഉണ്ടായില്ല. അന്വേഷണ കമ്മീഷൻ പരാതിക്കാരനെ ക്രൂശിക്കുകയും ആരോപണ വിധേയരെ സംരക്ഷിക്കുകയും ചെയ്തു. തെളിവുകൾ ഉൾപ്പെടെ പാർട്ടിക്ക് നൽകിയിരുന്നു. പാർട്ടിയിൽ പറഞ്ഞിട്ട് കാര്യമില്ലാത്തതുകൊണ്ടാണ് പുറത്തു പറയുന്നത്. നടപടിയെ ഭയപ്പെടുന്നില്ല, കുഞ്ഞികൃഷ്ണൻ്റെ വാക്കുക്ക​ൾ.

വി. കുഞ്ഞികൃഷ്ണൻ്റെ ഫണ്ട് തട്ടിപ്പ് ആരോപണം തള്ളി സിപിഐഎം രം​ഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ മാധ്യമങ്ങളുടെയും രാഷ്ട്രീയ ശത്രുക്കളുടെയും കോടാലി കൈയായി മാറുന്ന തരത്തിലാണ് കുഞ്ഞികൃഷ്ണന്‍റെ പ്രവൃത്തിയെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പ്രസ്താവനയിൽ പറഞ്ഞത്. കുഞ്ഞികൃഷ്ണന്റെ പ്രവൃത്തി അംഗീകരിക്കാൻ കഴിയാത്തതാണ്. സമാന ആരോപണങ്ങളിൽ തെറ്റ് പറ്റിയെന്ന് കുഞ്ഞികൃഷ്ണൻ തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കളയുന്നെന്നും കെ.കെ. രാഗേഷ് അറിയിച്ചിരുന്നു.

SCROLL FOR NEXT