തിരുവനന്തപുരം: വയനാട് ദുരന്തബാധിതകർക്ക് നൽകിയ തുകയുടെ കണക്ക് പുറത്തുവിട്ട് സിപിഐഎം. രണ്ട് ഘട്ടങ്ങളിലായി 92 ലക്ഷത്തി 99,000 രൂപയാണ് സിപിഐഎം കേന്ദ്രകമ്മിറ്റി നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറിയതിൻ്റെ രേഖകളാണ് പുറത്തുവിട്ടത്. വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പിരിച്ച തുകയുടെ പേരിൽ കോൺഗ്രസും സിപിഐഎമ്മും തമ്മിലുള്ള വാദ പ്രതിവാദങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് സിപിഐഎം കണക്ക് പുറത്തുവിട്ടത്. സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയാണ് ഫേസ്ബുക്കിലൂടെ കണക്കുകൾ പുറത്തുവിട്ടത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സിപിഐഎം കേന്ദ്ര കമ്മിറ്റി രൂപീകരിച്ച പ്രത്യേക ഫണ്ടിലേക്ക് ലഭിച്ച തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ കണക്കുകൾ സുതാര്യമാണ്. സിപിഐ എം ഫണ്ടിനെക്കുറിച്ച് ചില രാഷ്ട്രീയ പാർടികളും മാധ്യമങ്ങളും ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. സ്വന്തം പരാജയം മൂടിവയ്ക്കാൻ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണ് ഇക്കൂട്ടർ. കണക്കുകളുടെ കാര്യത്തിൽ സുതാര്യത പുലർത്തുന്ന സിപിഐഎമ്മിന്റെ മാതൃക അവർ പിന്തുടരണം.
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിലെ 07621000432853 എന്ന അക്കൗണ്ട് നമ്പറിലൂടെയാണ് പാർടി ദുരിതാശ്വാസ നിധി സമാഹരിച്ചത്. രണ്ട് ഘട്ടങ്ങളിലായാണ് ഈ തുക സിഎംഡിആർഎഫിലേക്ക് കൈമാറിയത്. 2025 മാർച്ച് 21-ന് 92,00,000 രൂപയും 2025 മെയ് 26-ന് 99,000 രൂപയുമാണ് കൈമാറിയത്. ഇതിനുപുറമെ, പാർടിയുടെ വിവിധ ബഹുജന സംഘടനകളും വലിയ തുകകൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടുണ്ട്.
അഖിലേന്ത്യാ കിസാൻ സഭയും കേരള കർഷക സംഘവും സമാഹരിച്ച ഒരു കോടി രൂപയുടെ ചെക്ക് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി സ. പിണറായി വിജയന് കൈമാറിയിട്ടുണ്ട്. കണക്കുകൾ അവതരിപ്പിക്കുന്നതിലെ സുതാര്യതയ്ക്ക് സുപ്രീംകോടതിയുടെ പോലും പ്രശംസിച്ച പാർടിയാണ് സിപിഐ എം.