തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റിനെതിരെ വിമർശനവുമായി സിപിഐഎം. സ്വകാര്യവൽക്കരണത്തിന്റെ ആമുഖപ്രസംഗമാണ് വി.ഡി. സതീശൻ്റെ ബജറ്റെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിമർശിച്ചു. നെഹ്റുവിയൻ സോഷ്യലിസത്തിന്റെ നേർവിപരീത ദിശയിലാണ് സർക്കാർ. പൊതുമേഖല സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും സ്വത്ത് സ്വകാര്യമേഖലയ്ക്ക് നൽകാനുമാണ് നീക്കം. ധാതുമേഖല കോർപ്പറേറ്റുകൾക്ക് തീറെഴുതാൻ ശ്രമം നടക്കുന്നു, അതിന് ഓരോ പേരും നൽകുന്നുവെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഭൂപരിഷ്കരണത്തിൻ്റെ തുടർച്ച വേണ്ടത് പട്ടിക വർഗങ്ങൾക്ക് ഭൂമി നൽകാനാണ്. ഒരു ഏക്കർ ഭൂമി എങ്കിലും നൽകണമെന്നാണ് ആവശ്യം. എന്നാൽ ഭൂപരിഷ്കരണം 2 എന്ന പേരിൽ കോർപ്പറേറ്റുകൾക്ക് ഭൂമി നൽകാൻ കുത്സിത ശ്രമം നടക്കുന്നു. ഭൂമിയും ആകാശവും ജലവും എല്ലാം വിൽപനയ്ക്ക് വച്ച് പണമുണ്ടാക്കുമെന്നാണ് പറയുന്നത്. ചാർട്ടേഡ് ഫ്ലൈറ്റിൽ എന്തിന് പോയി എന്ന് ഇപ്പോൾ വ്യക്തമാകുകയാണ്. എല്ലാം അദാനിക്ക് വിൽക്കാനാണെന്ന് ബജറ്റ് പരിശോധിക്കുമ്പോൾ വ്യക്തമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ആരോഗ്യമേഖല ഗുരുതര പ്രതിസന്ധിയിലെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു. ഗുരുതരമായ രീതിയിൽ പകർച്ചവ്യാധികൾ പടരുന്നത് ജനങ്ങൾക്കിടയിൽ ഉത്കണ്ഠയുണ്ടാക്കുന്നുണ്ട്. വകുപ്പ് മേധാവി തർക്കത്തെ തുടർന്ന് അവലോകനയോഗം പോലും നടന്നില്ല. സർക്കാരിൻ്റെ താൽപര്യം വച്ച് റീനയെ തരം താഴ്ത്തുകയും സ്ഥലം മാറ്റുകയും ചെയ്തു. പൊതുജന ആരോഗ്യത്തെ അപകടപ്പെടുത്തുന്ന നീക്കം അവസാനിപ്പിച്ച് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.