KERALA

ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനം: സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ; മുഖ്യമന്ത്രി വിമർശിക്കപ്പെട്ടെന്ന വാർത്ത തള്ളി സിപിഐഎം

വിമർശനം ഉയർന്നെന്ന വാർത്ത മാധ്യമ സൃഷ്ടിയെന്നും സിപിഐഎം സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരള ഡിജിറ്റല്‍ സര്‍വകലാശാല, കേരള സാങ്കേതിക സര്‍വകലാശാല എന്നിവിടങ്ങളിലെ വിസി നിയമനത്തിൽ മുഖ്യമന്ത്രി വിമർശിക്കപ്പെട്ടെന്ന വാർത്ത തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. നിയമനത്തിൽ ഭിന്നത ഇല്ലെന്നും സമവായത്തിന് മുൻകൈ എടുത്തത് ഗവർണറാമെന്നും സിപിഐഎം. വിമർശനം ഉയർന്നെന്ന വാർത്ത മാധ്യമ സൃഷ്ടിയെന്നും സിപിഐഎം സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.

കേരള ഡിജിറ്റല്‍ സര്‍വകലാശാല, കേരള സാങ്കേതിക സര്‍വകലാശാല എന്നിവിടങ്ങളില്‍ താല്‍ക്കാലിക വൈസ്‌ ചാന്‍സിലറെ നിശ്ചയിക്കുന്നതിന്‌ സര്‍ക്കാരിന്റെ അഭിപ്രായം ചാന്‍സിലറായ ഗവര്‍ണര്‍ തേടേണ്ടതാണെന്ന്‌ ഈ സര്‍വകലാശാലകളിലെ ആക്ടുകള്‍ വ്യക്തമാക്കുന്നുണ്ട്‌. ഇത്‌ പരിഗണിക്കാതെ ഏകപക്ഷീയമായി താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ ചാന്‍സിലറായ ഗവര്‍ണര്‍ നിയമിക്കുകയാണ്‌ ചെയ്‌തത്‌. നിയമവിരുദ്ധമായ ഈ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചും, ഡിവിഷന്‍ ബെഞ്ചും സര്‍ക്കാര്‍ നിലപാടിനെ അംഗീകരിച്ചു. ഇതിനെതിരെ ചാന്‍സിലറായ ഗവര്‍ണര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഈ കേസില്‍ സ്ഥിരം വൈസ്‌ ചാന്‍സിലര്‍മാരെ നിയമിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.

നിലവിലുള്ള നിയമമനുസരിച്ച്‌ സ്ഥിരം വിസിയെ നിയമിക്കാനുള്ള പൂര്‍ണമായ അധികാരം ചാന്‍സിലര്‍ക്കാണ്‌. എന്നാല്‍, സുപ്രീം കോടതി സമവായമുണ്ടാക്കാന്‍ ഗവര്‍ണറോടും, സര്‍ക്കാരിനോടും നിര്‍ദേശിച്ചു. വൈസ്‌ ചാന്‍സിലര്‍മാരെ തീരുമാനിക്കാനുള്ള പാനല്‍ തയ്യാറാക്കുന്നതിന്‌ സുപ്രീം കോടതി റിട്ടയേര്‍ഡ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ സെര്‍ച്ച്‌ കമ്മിറ്റിയും സുപ്രീം കോടതി നിശ്ചയിച്ചു. ഈ കമ്മിറ്റി മൂന്ന്‌ അംഗ പട്ടികകള്‍ മുഖ്യമന്ത്രിക്ക്‌ സമര്‍പ്പിച്ചു. ഇതില്‍ കോടതി നിര്‍ദേശ പ്രകാരം മുന്‍ഗണനാക്രമം നിശ്ചയിച്ച്‌ മുഖ്യമന്ത്രി ചാന്‍സിലറായ ഗവര്‍ണര്‍ക്ക്‌ സമര്‍പ്പിച്ചു. എന്നാല്‍, ഗവര്‍ണര്‍ ഇത്‌ അംഗീകരിക്കാതെ വിയോജിപ്പ്‌ രേഖപ്പെടുത്തി മറ്റ്‌ രണ്ട്‌ പേരുകള്‍ സുപ്രീം കോടതി മുമ്പാകെ സമര്‍പ്പിച്ചു.

ഗവര്‍ണറും, മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ സമവായമുണ്ടാക്കണമെന്ന്‌ സുപ്രീം കോടതി വീണ്ടും ആവശ്യപ്പെട്ടു. ആദ്യം സമവായത്തിന്‌ തയ്യാറാവാതിരുന്ന ഗവര്‍ണര്‍ കോടതി നിലപാട്‌ കടുപ്പിച്ചതോടെ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു. ഇതാണ്‌ ഇപ്പോള്‍ സുപ്രീം കോടതി അംഗീകരിച്ചിട്ടുള്ളത്‌. വൈസ്‌ ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ്‌ ഐക്യകണ്‌ഠേന അംഗീകരിക്കുകയാണ്‌ ചെയ്‌തത്‌. എന്നിട്ടും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അഭിപ്രായ വ്യത്യാസമുണ്ട്‌ എന്ന്‌ പ്രചരിപ്പിക്കാനാണ്‌ മാധ്യമങ്ങള്‍ ശ്രമിച്ചത്‌. ഇത്തരം കള്ളപ്രചാരവേലകളെ തള്ളിക്കളയണമെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

SCROLL FOR NEXT