സി.എന്‍. മോഹനന്‍ 
KERALA

"പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ നീക്കം, മുന്നണിയിൽ എന്നും സമ്മർദതന്ത്രം"; സിപിഐക്കെതിരെ സി.എന്‍. മോഹനന്‍

ഇടതുപക്ഷ ഐക്യം വേണമെങ്കിൽ സിപിഐഎം സഹിച്ചുകൊള്ളണം എന്നാണ് ഇവരുടെ നിലപാടെന്നും സി.എന്‍. മോഹനന്‍

Author : ന്യൂസ് ഡെസ്ക്

സിപിഐയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.എന്‍. മോഹനന്‍. ഇതുവരെയില്ലാത്ത കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച്, നിയമസഭയില്‍ പ്രതിപക്ഷ ഉപനേതൃ പദവി തങ്ങള്‍ക്കു വേണമെന്നാണ് സിപിഐ ആവശ്യപ്പെടുന്നത്. എന്നും മുന്നണിയിൽ സമ്മർദതന്ത്രമാണ് ഈ പാർട്ടി സ്വീകരിച്ചു വരുന്നത്. ഇടതുപക്ഷ ഐക്യം വേണമെങ്കിൽ സിപിഐഎം സഹിച്ചുകൊള്ളണം എന്നാണ് ഇവരുടെ നിലപാട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പിഎം ശ്രീ ആയിരുന്നു ഇവരുടെ വിപ്ലവായുധം. ആ സമയത്ത് അകത്തുനിന്നാക്രമിച്ച് സര്‍ക്കാരിനെ നാണംകെടുത്തി. അതിന്റെ തുടർച്ചകൂടിയാണ് നിയമസഭ തോല്‍വി. സമ്മർദതന്ത്രത്തിൽ അനര്‍ഹമായതല്ലേ സിപിഐ അനുഭവിക്കുന്നത് എന്ന് അവരോർക്കുന്നില്ലെന്നും മോഹനന്‍ ഫേസ്ബുക്ക് കുറിപ്പില്‍ കുറ്റപ്പെടുത്തി. സിപിഐ കോണ്‍ഗ്രസിനൊപ്പം മുന്നണിയിലുണ്ടായിരുന്ന കാലം ഓര്‍മിപ്പിച്ചും, ലോകത്തിലെ ഏക പ്യൂരിറ്റന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിപിഐ ആണല്ലോ എന്ന് പരിഹസിച്ചുമൊക്കെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

CPI(M) നേതാവ് സ: പിണറായി വിജയനെ ഒറ്റതിരിഞ്ഞാക്രമിക്കാനാണ് CPI നീക്കം. ഇന്നുവരെയില്ലാത്ത കീഴ്‌വഴക്കങ്ങൾ ലംഘിച്ചു നിയമസഭയിൽ പ്രതിപക്ഷ ഉപനേതൃ പദവി തങ്ങൾക്കു വേണം എന്നാണ് CPI ആവശ്യപ്പെടുന്നത്. എന്നും മുന്നണിയിൽ സമ്മർദതന്ത്രമാണ് ഈ പാർട്ടി സ്വീകരിച്ചു വരുന്നത്. ഇടതുപക്ഷ ഐക്യം വേണമെങ്കിൽ CPM സഹിച്ചുകൊള്ളണം എന്നാണ് ഇവരുടെ നിലപാട്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ PM ശ്രീ ആയിരുന്നു ഇവരുടെ വിപ്ലവായുധം. ആ സമയത്ത് അകത്തുനിന്നാക്രമിച്ചു ഗവണ്മെന്റിനെ നാണംകെടുത്തി. അതിന്റെ തുടർച്ച കൂടിയാണ് നിയമസഭ തോല്‍വി. സമ്മർദ്ദതന്ത്രത്തിൽ അനര്‍ഹമായതല്ലേ CPI അനുഭവിക്കുന്നത് എന്ന് അവരോർക്കുന്നില്ല.

എന്തോ മഹാത്യാഗം ചെയ്താണ് കേരളത്തിൽ മുന്നണിയുണ്ടാക്കാൻ കോൺഗ്രസ് ഭരണം ഉപേക്ഷിച്ചതെന്നാണ് ഭാവം. 1979ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ CPI കോൺഗ്രസ് മുന്നണിയിലായിരുന്നു. അന്ന് ആന്റണി കോൺഗ്രസുമായി മുന്നണിയായി മത്സരിച്ചു. LDF കേരളം തൂത്തുവാരി. അപ്പോൾ CPI എൽഡിഎഫിൽ അല്ല -കോൺഗ്രസ് മുന്നണിയിലാ ണ്. CPI മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു പോന്നാണ് LDF രൂപീകരിച്ചതെന്ന അവകാശവാദം പൊളിയുന്നു ഈ വസ്തുതയുടെ മുന്നിൽ.

പിന്നെ, CPIയുടെ ഭട്ടിൻഡ കോൺഗ്രസ് 1978ൽ തീരുമാനിച്ചിട്ടും കോൺഗ്രസ് മുന്നണിയിൽ വിട്ടുപോരാൻ എന്തേ ഒരു വര്‍ഷം താമസിച്ചത്? ഓ ലോകത്തിലെ ഏക puritan കമ്മ്യൂണിസ്റ്റ് പാർട്ടി CPI ആണല്ലോ. 2ലക്ഷം വോട്ടുള്ള അസംബ്ലി മണ്ഡലങ്ങളിൽ ഒരു 5000 വോട്ട് കിട്ടുന്ന എത്ര മണ്ഡലമുണ്ട് സർ നമ്മുടെ CPIക്ക്‌ ?

SCROLL FOR NEXT