സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ Source: Facebook/ CPIM Kerala
KERALA

ഹുസൈനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി നുണകൾ നിരത്തി, 7 ജില്ലകളിലെ ഹോൾസെയിൽ ലഹരി ഡീലറുമായി എങ്ങനെ മുഖ്യമന്ത്രിക്ക് ബന്ധം വന്നു: എം.വി. ഗോവിന്ദൻ

അതിന് മുമ്പ് എടുത്ത ചിത്രങ്ങൾ കാണാൻ കഴിയുമെന്ന് പറഞ്ഞ എം.വി. ഗോവിന്ദൻ ഈ ചിത്രങ്ങൾ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എംഡിഎംഎ കേസിൽ അറസ്റ്റിലായ സോഷ്യൽ മീഡിയ കോർഡിനേറ്റർ മുഹമ്മദ് ഹുസൈനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി നുണകൾ നിരത്തിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സോഷ്യൽ മീഡിയ കോർഡിനേറ്റർ അല്ലെന്നും ടീം അല്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ മുഹമ്മദ് ഹുസൈൻ്റെ ഫേസ്ബുക്ക് പേജിൽ തന്നെ അതുണ്ട്. കോർഡിനേറ്റർ എന്ന് അഞ്ച് വർഷം പ്രതി പറഞ്ഞ് നടന്നു. ഇല്ലാത്ത കാര്യമെങ്കിൽ എന്തുകൊണ്ട് വിളിച്ച് അന്വേഷിച്ചില്ലെന്നും തിരുത്താൻ സതീശൻ തയ്യാറായില്ലെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു.

"നവകേരള സദസ്സിൽ പരിക്കേറ്റപ്പോൾ ആദ്യം കണ്ടുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ അതിന് മുമ്പ് എടുത്ത ചിത്രങ്ങൾ കാണാൻ കഴിയുമെന്ന് പറഞ്ഞ എം.വി. ഗോവിന്ദൻ ഈ ചിത്രങ്ങൾ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. 2021 മുതൽ 23 വരെ നിരവധി ചിത്രങ്ങൾ ഉണ്ട്. 2023 ഡിസംബർ 10നായിരുന്നു പെരുമ്പാവൂരിൽ നവകേരള സദസ്. ഫോട്ടോ എടുക്കുന്നത് സ്വഭാവികം അല്ലേയെന്നാണ് ചോദ്യം. എന്നാൽ ഇവിടെ എത്രയെത്ര ചിത്രങ്ങളാണ് ഉള്ളത്. പതിനെട്ടിലധികം ചിത്രങ്ങൾ കാണാൻ കഴിയും," എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

"പ്രതിയുടെ ത്യാഗത്തെ കുറിച്ചാണ് മുഖ്യമന്ത്രി ഇന്ന് പറയുന്നത്. അടികൊണ്ടു, തിരുമ്മൽ നടത്തി എന്നൊക്കെ പറയുകയാണ്. മുഹമ്മദ് ഹുസൈൻ എംഡിഎംഎയുടെ ഏഴ് ജില്ലകളിലെ ഹോൾസെയിൽ ഡീലറാണ്. ഇയാളുമായി അഭേദ്യമായ ബന്ധം എങ്ങനെ മുഖ്യമന്ത്രിക്ക് വന്നു? മുഹമ്മദ് ഹുസൈനെ പൊലീസ് പിടിച്ചത് അബദ്ധത്തിലാണ്. പിടിച്ച ഉദ്യോഗസ്ഥൻ വീട്ടിൽ പോയിരിക്കുകയാണ്. കയ്യിൽ കിട്ടിപ്പോയപ്പോൾ പിന്നെ പൊലീസ് എന്ത് ചെയ്യാനാണ്. തൂഫാൻ നോഡൽ ഓഫീസറെ മാറ്റിയതിന് പിന്നിലും ദുരൂഹതയുണ്ട്," സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

മാധ്യമങ്ങളുടെ വാർത്താ കാർഡുകളും പോസ്റ്റുകളും മെറ്റ നീക്കം ചെയ്യുന്നത് മാധ്യമ സ്വതന്ത്യ്രത്തിന് മേലുള്ള വലിയ വെല്ലുവിളിയാണെന്നും എം.വി. ഗോവിന്ദർ വിമർശിച്ചു. "മുഖ്യമന്ത്രി-മയക്കുമരുന്ന് മാഫിയ ബന്ധം കൂട്ടത്തോടെ നീക്കം ചെയ്യുകയാണ്. തൻ്റെ ഇപ്പോഴത്തെ പരാമർശങ്ങൾ പോലും നീക്കം ചെയ്യുമോ എന്ന് സംശയമുണ്ട്. പ്രതിപക്ഷ നേതാവിൻ്റെ പരാമർശങ്ങൾ നീക്കം ചെയ്തു. മോദിയുടെ വഴിയെ വി.ഡി. സതീശൻ സർക്കാരും നീങ്ങുന്നു. ഒന്നും ചെയ്തിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മോദിയും സതീശനും ആയി ബന്ധപ്പെട്ട വാർത്തകൾ മാത്രമാണ് നീക്കം ചെയ്യുന്നത്. മെറ്റയിൽ സ്വാധീനമില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. ഭീഷണിപ്പെടുത്തി കാര്യങ്ങൾ നേടാം എന്ന വെല്ലുവിളിയാണ് സർക്കാർ ഉയർത്തുന്നത്. ടി.ജി. മോഹൻദാസിൻ്റെ വീഡിയോ നീക്കം ചെയ്യാൻ ഇതുവരെ നടപടിയില്ല," എം.വി. ഗോവിന്ദൻ വിമർശിച്ചു.

കണ്ണൂരിലെ ഹലാൽ ഫായിദ ബാങ്കിൻ്റെ പ്രവർത്തനം നേരത്തെ അവസാനിപ്പിച്ചതാണെന്നും നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്നും കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും എല്ലാം പരിശോധിക്കുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കിയ റെയിൽവേയുടെ നടപടി ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം വിമർശിച്ചു. പ്രതിപക്ഷ ഉപ നേതാവ് പദവി സംബന്ധിച്ച എല്ലാ പ്രശ്നവും പരിഹരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

SCROLL FOR NEXT