ആർഎസ്എസ് പരാമർശം വളച്ചൊടിച്ചു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആർഎസ്എസുമായി ഒരു കാലത്തും സിപിഐഎമ്മിന് ബന്ധമില്ല. അടിയന്തരാവസ്ഥ കാലത്ത് ജനതാ പാർട്ടി രൂപീകരിച്ചത് വിവിധ ധാരകൾ ചേർന്നാണ്. അന്ന് ആർഎസ്എസ് ജനതാ പാർട്ടിയിൽ പിടിമുറുക്കിയിരുന്നില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. മാറ്റത്തിന് വിധേയമാകാത്ത ഒന്നുമില്ലെന്നതിൻ്റെ ഭാഗമായി ചൂണ്ടിക്കാണിച്ചതാണ് ഇന്നലത്തെ പരാമർശം. അതിനെ വളച്ചൊടിച്ചാണ് വിവാദമുണ്ടാക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
"ഞാൻ വര്‍ഗീയതയെ കൂട്ടുപിടിച്ചെന്നത് കള്ള പ്രചരണമാണ്. ആർഎസ്എസുമായി സിപിഐഎം ഇന്നേവരെ ഒരു കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല. വിമോചന സമരത്തിന്റെ കാലത്ത് അടിയന്തരാവസ്ഥ അറബി കടലിൽ എന്ന മുദ്രാവാക്യമാണ് ഇടതുപക്ഷം നടപ്പിലാക്കിയത്. ആ മുന്നേറ്റത്തിന്റെ ഭാഗമായാണ് വിവിധ പാർട്ടികൾ ചേർന്ന് ഒരു രാഷ്ട്രീയ പ്രസ്ഥാനം രൂപപ്പെട്ടത്. അങ്ങനെയാണ് ജനതാ പാർട്ടി രൂപം കൊണ്ടത്. ആ ഘട്ടത്തിലാണ് ആദ്യമായി ആർഎസ്എസുമായി ചേർന്ന് പ്രവർത്തിച്ചത്. ആർഎസ്എസ് ഒരു രാഷ്ട്രീയപാർട്ടി അല്ല. ജനത പാർട്ടിയിൽ ന്യൂനപക്ഷം മാത്രമായിരുന്നു ആർഎസ്എസ്. ജനസംഘത്തിന്റെ വിഭാഗം എന്ന രീതിയിലാണ് ആർഎസ്എസ് അന്നുണ്ടായിരുന്നത്," എം.വി. ഗോവിന്ദൻ.
ചരിത്രത്തിന്റെ ഭാഗമായി പറഞ്ഞത് എന്തിനാണ് വിവാദമാക്കുന്നതെന്നും ഗോവിന്ദൻ ചോദിച്ചു. ആർഎസ്എസിനോടുള്ള നിലപാട് എന്തെന്ന ചോദ്യത്തിൽ അവരുടെ വോട്ട് വേണ്ടെന്ന് തന്നെയാണ് ഇഎംഎസ് പ്രഖ്യാപിച്ചത്. വർഗീയവാദികളുടെ പിന്തുണ വേണ്ടെന്ന് തന്നെയാണ് ഇന്ന് പിണറായി വിജയനും പറഞ്ഞത്. ആർഎസ്എസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചത് കോൺഗ്രസാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. വടകര, ബേപ്പൂര്‍ മണ്ഡലങ്ങളില്‍ കോലീബി സഖ്യം ഉണ്ടായിട്ടുണ്ടെന്നും നിലമ്പൂരിൽ എന്തോ സഖ്യം ഉണ്ടാക്കിയെന്ന മട്ടിൽ കോൺഗ്രസ് പച്ചക്കള്ളം പറയുകയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
"നിലമ്പൂരിൽ ഒരു രാഷ്ട്രീയ മുദ്രാവാക്യവും മുന്നോട്ട് വയ്ക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല. നിരായുധ സൈന്യം പോലെ ആയിരുന്നു യുഡിഎഫ്. ന്യൂനപക്ഷ വർഗീയതയിൽ ഊന്നിയാണ് യുഡിഎഫ് പ്രവർത്തനം. ജമാ അത്തെ ഇസ്ലാമിയെ യുഡിഎഫ് വെള്ള പൂശി. ജമാ അത്തെ ഇസ്ലാമിയെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കിയ കോൺഗ്രസ്-ലീഗ് നീക്കം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും. വർഗീയതയെ എതിർത്തുകൊണ്ടാണ് നിലമ്പൂരിൽ ആദ്യാവസാനം എൽഡിഎഫ് നിലപാട് സ്വീകരിച്ചത്. ഈ രാഷ്ട്രീയമാണ് എൽഡിഎഫ് മുന്നോട്ടുവച്ചത്. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് എൽഡിഎഫിന് നിലമ്പൂരിലുണ്ട്", എം.വി. ഗോവിന്ദൻ.
നിലമ്പൂരിൽ ഒരു രാഷ്ട്രീയവും യുഡിഎഫ് മുന്നോട്ട് മുന്നോട്ട് വെച്ചില്ലെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. വികസനം എന്ന പദം യുഡിഎഫുകാർക്ക് ഉപയോഗിക്കാനേ സാധിച്ചില്ല. വികസനം എന്ന വാക്ക് പോലും യുഡിഎഫിൻ്റെ അജണ്ടയിലില്ല. രാഷ്ട്രീയ ആയുധം യുഡിഎഫിന് ഉണ്ടായിരുന്നില്ല. ജമാ അത്തെ ഇസ്ലാമിക്ക് എതിരായി മറുപടി പറയാൻ സാധിക്കാത്ത യുഡിഎഫിന് വേണ്ടിയാണ് നിലവിൽ വിവാദമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നിലമ്പൂരിലെ വിധിയെഴുത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ എം.വി.ഗോവിന്ദൻ്റെ ആർഎസ്എസ് പരമാർശം ആളിക്കത്തിക്കാൻ തന്നെയാണ് യുഡിഎഫിൻ്റെ നീക്കം. ബിജെപി വോട്ട് കിട്ടാൻ പഴയ കാലത്തെ കുറിച്ചുള്ള പ്രണയാർദ്രമായ ഓർമപ്പെടുത്തലാണ് ഗോവിന്ദൻ നടത്തിയതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ പ്രതികരണം. ബിജെപി-സിപിഐഎം ബന്ധം സ്ഥിരീകരിക്കപ്പെട്ടു എന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശും പ്രതികരിച്ചു. അടിയന്തരാവസ്ഥ കാലത്തെ കാര്യമൊക്കെ ഇപ്പോൾ പറയുന്നത് ബിജെപി വോട്ട് കൂടി സ്വരാജിന് കിട്ടാനുള്ള കള്ളക്കളി ആണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വിമർശനം. ഗോവിന്ദൻ്റെ പരാമർശം സിപിഐഎമ്മിൻ്റെ ചരിത്ര രേഖയിൽ ഉള്ളതാണെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തും പറഞ്ഞു.
ഇന്നലെ വന്ന് സത്യം പറഞ്ഞ ശേഷം ഇന്ന് വന്ന് എം.വി. ഗോവിന്ദൻ പ്രതിക്രിയാവാദം പറയുന്നു എന്നായിരുന്നു പി.വി. അൻവറിൻ്റെ പരിഹാസം. എന്നാൽ സിപിഐഎം സഹകരിച്ചത് ആർഎസ്എസിനോടല്ലെന്നും ജനതാ പാർട്ടിയുമായാണെന്നും എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് ചൂണ്ടിക്കാട്ടി. ആർഎസ്എസ് പിടിമുറുക്കിയ ജനതാ പാർട്ടിയുമായി സഹകരിച്ചത് കോൺഗ്രസ് ആണ്. ഏതെങ്കിലും ഒരു വർഗീയവാദിയുടെ വോട്ടിനുവേണ്ടി അഴകൊഴമ്പൻ നിലപാട് സ്വീകരിക്കുന്നവരല്ല സിപിഐഎമെന്നും സ്വരാജ് പറഞ്ഞിരുന്നു. നിലമ്പൂർ വോട്ടെടുപ്പിൻ്റെ അവസാന ഘട്ടത്തിൽ കിട്ടിയ വിവാദത്തെ പ്രയോഗിക്കാനും പ്രതിരോധിക്കാനുമുള്ള തത്രപ്പാടിലാണ് യുഡിഎഫും എൽഡിഎഫും.