പാര്‍ട്ടി വാര്‍ത്തകള്‍ ചോരുന്നത് തടയാന്‍ അസാധാരണ നടപടിയുമായി സിപിഐഎം. സംസ്ഥാന സമിതി അംഗങ്ങളുടെ ഫോൺ വിവരങ്ങളെടുക്കാൻ സമ്മതപത്രം ഒപ്പിട്ടു വാങ്ങാനാണ് നീക്കം. പാര്‍ട്ടി വിപുലീകൃത സംസ്ഥാന കമ്മിറ്റി നടക്കാനിരിക്കെയാണ് നടപടി. ആദ്യ പടിയെന്നോണമാണ് തിരുവനന്തപുരം ജില്ലാ നേതൃത്വം അംഗങ്ങളുടെ സമ്മതപത്രം ഒപ്പിട്ട് വാങ്ങിയത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് അപേക്ഷാ ഫോമിന്റെ മാതൃകകൾ നൽകുകയായിരുന്നു. അതേസമയം, നടപടിയിൽ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.
ആഴ്ചകള്‍ക്കു മുന്‍പ് നടന്ന തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു അസാധാരണ നടപടി. കോൾ വിവരങ്ങൾ ലഭ്യമാക്കാൻ ഫോൺ കമ്പനിയോട് സ്വയം ആവശ്യപ്പെടുന്ന മാതൃകയിലാണ് സമ്മതപത്രം. ലഭിച്ച അപേക്ഷാ ഫോമിന്റെ മാതൃക അംഗങ്ങള്‍ എതിര്‍പ്പുകള്‍ പറയാതെ തന്നെ ഒപ്പിട്ടു നല്‍കുകയും ചെയ്തു. പാര്‍ട്ടി ചര്‍ച്ചകള്‍ ഉള്‍പ്പെടെ പുറത്തുപോയാല്‍ കര്‍ശന നടപടിയുണ്ടാകും എന്നാണ് മുന്നറിയിപ്പ്. അതേസമയം, നടപടിയില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. വിഷയം കേന്ദ്ര, സംസ്ഥാന നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഇവരുടെ നീക്കം.