KERALA

ജനാധിപത്യപരമായി നടന്നിരുന്ന സമരം; ഫ്രഷ് കട്ട് സംഘര്‍ഷത്തിന് പിന്നില്‍ ഗൂഢാലോചന നടന്നോയെന്ന് പരിശോധിക്കണം: സിപിഐഎം താമരശേരി ഏരിയ സെക്രട്ടറി

സമരത്തിന്റെ മറവില്‍ സംഘര്‍ഷത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്‌തോ എന്ന് അന്വേഷിക്കണമെന്ന് കെ. ബാബു പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: താമരശേരിയില്‍ ഫ്രഷ് കട്ട് അറവ് മാലിന്യ ശാലയ്‌ക്കെതിരായ സംഘര്‍ഷം ഗൗരവമായി പരിശോധിക്കണമെന്ന് സിപിഐഎം താമരശേരി ഏരിയ സെക്രട്ടറി കെ. ബാബു. നിഷ്‌കളങ്കരായ ജനങ്ങള്‍ ജനാധിപത്യ രീതിയില്‍ നടത്തി വന്ന സമരമാണ്. എന്നാല്‍ സമരത്തിന്റെ മറവില്‍ സംഘര്‍ഷത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്‌തോ എന്ന് അന്വേഷിക്കണമെന്ന് കെ. ബാബു പറഞ്ഞു.

'ഇതുവരെ വൈകാരികമായി സമരം മാറിയിരുന്നില്ല. പക്ഷേ ഇന്നലെ വൈകുന്നേരം പ്രത്യേക രീതിയിലേക്ക് സമരം മാറി. ഇത് ഗൗരവമായി പരിശോധിക്കണം. സമരത്തിന്റെ മറവില്‍ സംഘര്‍ഷത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്‌തോ എന്ന് അന്വേഷിക്കണം. പ്രത്യേക ഉദ്ദേശത്തോടെ ഗൂഢാലോചന നടത്തിയോ എന്ന് പരിശോധിക്കണം,' കെ. ബാബു ആവശ്യപ്പെട്ടു.

സംഘര്‍ഷത്തില്‍ ബാഹ്യ ഇടപെടല്‍ സംശയിക്കുന്നു. സമരം തുടങ്ങിയ കാലം മുതല്‍ ജനപ്രതിനിധി എന്ന നിലയില്‍ മെഹറൂഫ് അവര്‍ക്കൊപ്പമുണ്ട്. സമരത്തിനൊപ്പം നിന്ന പേരില്‍ കേസെടുത്താല്‍ പ്രശ്‌നമില്ല. എന്നാല്‍ സംഘര്‍ഷത്തിന്റെ പേരില്‍ കേസെടുക്കരുതെന്നും കെ. ബാബു പറഞ്ഞു.

ഒരു സംഘം ആളുകള്‍ വന്നു. മുന്‍നിരയില്‍ നിന്ന ആളുകള്‍ അല്ല സംഘര്‍ഷം ഉണ്ടാക്കിയതെന്നും കെ ബാബു പറഞ്ഞു. സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയോ എന്നും പരിശോധിക്കണം. തീ വയ്ക്കല്‍ കൃത്യമായ പ്ലാനിങ്ങോടെയാണ് നടന്നതെന്നും കെ. ബാബു പറഞ്ഞു.

സംഘര്‍ഷത്തിലുണ്ടായിരുന്ന മുന്നൂറിലേറെ പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഡിവൈഎഫ്‌ഐ താമരശേരി ബ്ലോക്ക് പ്രസിഡന്റ് ടി. മഹറൂഫിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. താമരശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ് മഹ്‌റൂഫ്.

ഫ്രഷ് കട്ട് സംഘര്‍ഷത്തിന് പിന്നില്‍ ഗൂഡാലോചനയെന്ന് സ്ഥാപന ഡയറക്ട്ടര്‍ കെ. സുജീഷും പറഞ്ഞു. സ്ഥാപനത്തിനെതിരെ സമരം നടക്കാറുണ്ടെങ്കിലും നാട്ടുകാരില്‍ നിന്നും പ്രകോപനം ഉണ്ടായിട്ടില്ല. തീയിട്ടത് പ്രദേശവാസികള്‍ എന്ന് കരുതുന്നില്ല പുറത്തുനിന്നുള്ളവരാണ് അക്രമത്തിന് പിന്നില്‍.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണം. അഞ്ചു കോടി രൂപയുടെ നഷ്ടമുണ്ടായ യന്ത്രങ്ങളില്‍ പലതും പൂര്‍ണമായും മാറ്റേണ്ട സ്ഥിതിയാണ് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഫാക്ടറി വീണ്ടും പ്രവര്‍ത്തനസജ്ജമാക്കും. ഇത്തരം ഭീഷിണികള്‍ക്കും അക്രമങ്ങള്‍ക്കും മുന്നില്‍ മുട്ടുമടക്കില്ലെന്നും ഫ്രഷ് കട്ട് ഡയറക്ട്ടര്‍ കെ. സുജീഷ് പറഞ്ഞു.

SCROLL FOR NEXT