Source: Files
KERALA

"പാർട്ടി നേതൃത്വത്തിന് മാറ്റം വേണം, പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായിയെ മാറ്റണം"; വിമർശനവുമായി സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റി

ജനങ്ങളോട് മര്യാദപൂർവം പെരുമാറാതിരുന്നതാണ് തെരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് പ്രധാനകാരണമായതെന്നും വിമർശനമുയർന്നു

Author : ന്യൂസ് ഡെസ്ക്

തൃശൂർ: പാർട്ടി നേതൃത്വത്തിന് മാറ്റം വേണമെന്ന് വിമർശനവുമായി സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റി. പ്രതിപക്ഷ സ്ഥാനത്ത് നിന്ന് പിണറായിയും സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് എം.വി. ഗോവിന്ദനും മാറണമെന്നാണ് ആവശ്യം. ഇരുവരും നേതൃത്വത്തിൽ നിന്ന് അകന്നു പാർട്ടിക്കും പ്രതിപക്ഷത്തിനും പുതിയ മുഖം നൽകണം. ജനങ്ങളോട് മര്യാദപൂർവം പെരുമാറാതിരുന്നതാണ് തെരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് പ്രധാനകാരണമായതെന്നും വിമർശനമുയർന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി മനസിലാക്കി നിയമസഭയാ തെരഞ്ഞെടുപ്പിൽ മുന്നൊരുക്കങ്ങൾ നടത്തിയില്ല. പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ പാർട്ടിയുടെ ഒരുഘടകത്തിനും കഴിഞ്ഞില്ല. യുഡിഎഫ് തരംഗത്തെ അതിജീവിക്കാൻ തൃശൂരിൽ സാധിച്ചെങ്കിലും കണ്ണൂരിൽ പോലും ഇതിന് കഴിയാതിരുന്നത് നേതൃത്വത്തിന്റെ വീഴ്ചയാണ്. കണ്ണൂരിലെ ശക്തികേന്ദ്രങ്ങളിൽ നിന്ന് പോലും പാർട്ടി വോട്ടുകൾ എതിർപാളയത്തിലേക്ക് ഒഴുകിപ്പോയത് ഗൗരവതരമാണെന്നും തൃശൂർ ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നു.

സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റിയിലും പിണറായി വിജയനും സംസ്ഥാന നേതൃത്വത്തിനും വിമർശനമുയർന്നു. പിണറായി വിജയന്റെ സമീപനങ്ങൾ ജനങ്ങൾക്ക് ഇടയിൽ അവമതിപ്പുണ്ടാക്കി. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത നടപടി അനുചിതമെന്നും വിമർശനമുണ്ട്. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനകൾ പാർട്ടി അണികളെ പോലും എതിരാക്കി.

കേരളാ കോൺഗ്രസിന്റെ വോട്ടുകൾ എൽഡിഎഫിന് ലഭിച്ചില്ല. പുതുപ്പള്ളിയടക്കം പലയിടത്തും സ്ഥാനാർഥി നിർണയവും പാളി. ഏറ്റുമാനൂരിൽ വാസവൻ ജയിക്കുമെന്ന അമിത ആത്മവിശ്വാസം തിരിച്ചടിയായി. ശബരിമല വിവാദങ്ങളും ഏറ്റുമാനൂരിൽ പ്രതിഫലിച്ചു. വൈക്കത്ത് സിപിഐയിലെ സംഘടന പ്രശ്നങ്ങൾ തോൽവിക്ക് കാരണമായെന്നും വിമർശനമുയർന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന വിവിധ ജില്ലാ സെക്രട്ടറിയറ്റുകളിലും നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു. യുഡിഎഫ് തരംഗത്തിൽ പിടിച്ചുനിൽക്കാനായെങ്കിലും ജില്ലയിൽ പാർട്ടിയുടെ ജനപിന്തുണ ഇടിഞ്ഞെന്നായിരുന്നു തൃശൂർ ജില്ല സെക്രട്ടറിയറ്റിന്റെ വിമർശനം. അതേസമയം, സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണം എന്നായിരുന്നു ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റിലെ വിമർശനം. പിണറായി പ്രതിപക്ഷ നേതൃത്വസ്ഥാനത്തിരുന്നാൽ പാർട്ടി അധികാരത്തിൽ തിരികെയെത്തില്ലെന്നും എം.വി. ഗോവിന്ദന് ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലെന്നും വിമർശനം ഉയർന്നിരുന്നു.

സിപിഐഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയറ്റിലും സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു. ജില്ലാ നേതൃത്വം മഞ്ചേശ്വരത്ത് കെ.ആർ. ജയാനന്ദയെ രക്തസാക്ഷിയാക്കി. ഭൂമാഫിയ സംഘങ്ങളുമായി ബന്ധമുള്ള മധുസൂദനനെ പയ്യന്നൂരിൽ സ്ഥാനാർഥിയാക്കിയത് തിരിച്ചടിയായെന്നും ജില്ലാ സെക്രട്ടറിയറ്റ് വിമർശിച്ചിരുന്നു.

SCROLL FOR NEXT