തിരുവനന്തപുരം: ദീർഘകാലത്തെ പാർട്ടി ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര സ്ഥാനാർഥി ആകുമെന്ന് പ്രഖ്യാപിച്ച ജി. സുധാകരനെ അവഗണിക്കാൻ സിപിഐഎം. സുധാകരനെ പ്രകോപിപ്പിക്കേണ്ടതില്ല എന്നാണ് സിപിഐഎം തീരുമാനം. പ്രശ്നങ്ങൾ ഉണ്ടാക്കി വിവാദം വലുതാക്കേണ്ട ആവശ്യമില്ല. സുധാകരനെ പിന്തുണച്ചാൽ യുഡിഎഫ് വോട്ട് ചോരുമെന്നാണ് പാർട്ടി വിലയിരുത്തൽ. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
ഏറെ നാളായി പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുന്ന ജി. സുധാകരൻ കഴിഞ്ഞ ദിവസമാണ് സ്ഥാനാർഥി ആകുമെന്ന് പ്രഖ്യാപിച്ചത്. ആറ് പതിറ്റാണ്ടിലേറെ നീണ്ട കമ്യൂണിസ്റ്റ് സംഘടനാ പ്രവർത്തന പാരമ്പര്യമുള്ള മുതിർന്ന നേതാവാണ് ജി. സുധാകരൻ. പിന്തുണ സ്വീകരിക്കുമോ എന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും പിന്തുണ തരാമെന്നു ആരും പറഞ്ഞിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു. പാർട്ടിക്ക് എതിരായല്ല സംസാരിക്കുന്നതെന്നും സർക്കാരിനെതിരെ ഒന്നും പറയില്ലെന്നും ഭരണവിരുദ്ധ വികാരത്തെകുറിച്ചു തനിക്ക് അറിയില്ലെന്നും സുധാകരൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാൽ പാർട്ടിയോട് പിണങ്ങി പിരിഞ്ഞിട്ടും ജി. സുധാകരനോട് മൃദു സമീപനമാണ് ഇന്നലെയും സിപിഐഎം നേതാക്കൾ പുലർത്തിയത്. എ.കെ. ബാലൻ, എം.എ. ബേബി തുടങ്ങിയ പ്രമുഖ സിപിഐഎം നേതാക്കൾ സുധാകരന്റെ നിലപാടിൽ നിരാശയോടെയാണ് പ്രതികരിച്ചത്. സുധാകരൻ്റെ നിലപാട് ദൗർഭാഗ്യകരവും ദുഃഖകരവുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. പാർട്ടിയിൽ ആലോചിച്ച ശേഷം കൂടുതൽ പ്രതികരണമുകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കാപാലികർക്ക് ഒപ്പം പോയതിൽ ഓരോ നിമിഷവും കുറ്റബോധം കൊണ്ട് സുധാകരൻ തകരുമെന്ന് എ.കെ. ബാലൻ പറഞ്ഞു.
സിപിഐഎം ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര സ്ഥാനാർഥിയാകാനുള്ള ജി. സുധാകരന്റെ തീരുമാനം ദുഃഖിപ്പിക്കുന്നതാണെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പ്രതികരിച്ചത്. സുധാകരൻ പോയാൽ പാർട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നാണ് എന്ന് എം.എം. മണി പറഞ്ഞത്. പാർട്ടിവിട്ടാൽ സുധാകരൻ 'ശൂ' ആണ്. മഹാരഥന്മാർ പാർട്ടിയിൽ നിന്ന് പോയിട്ട് ഒന്നും സംഭവിച്ചിട്ടില്ലെന്നും മണി പറഞ്ഞു. എന്നാൽ എം.എം. മണിയുടെ പരിഹാസത്തിൽ പ്രതികരിച്ച സുധാകരൻ മണി ഇടുക്കിയിലെ 'ശൂ' എന്ന് പ്രതികരിച്ചിരുന്നു. വിഷയത്തിൽ പാർട്ടി നേതൃത്വം മറുപടി പറയുമെന്നാണ് മന്ത്രി സജി ചെറിയാൻ വിശദീകിച്ചത്. അതേസമയം, സുധാകരന്റെ ജന്മനാടായ താമരക്കുളത്ത് സിപിഐഎം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. വർഗ വഞ്ചനയ്ക്ക് മാപ്പില്ലെന്ന് ബാനർ ഉയർത്തിയായിരുന്നു ശക്തിപ്രകടനം.