തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വർഗീയ വിരുദ്ധ നിലപാട് ശക്തമാക്കാൻ സിപിഐഎം സംസ്ഥാന സമിതിയിൽ തീരുമാനം. എല്ലാത്തരം വർഗീയതയെയും ശക്തമായി എതിർക്കും. മുസ്ലീം ലീഗിന്റെ വർഗീയ സമീപനം തുറന്നു കാട്ടാനും തീരുമാനം. വെള്ളാപ്പള്ളിയെ ശക്തമായി തള്ളിപ്പറയണമെന്നും സംസ്ഥാന സമിതിയിൽ ആവശ്യം ഉയർന്നു.
സ്ഥാനാർഥി നിർണയം പാളിയെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. കണ്ണൂരിലുണ്ടായത് വലിയ വീഴ്ചയാണെന്ന് സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നിട്ടുണ്ട്. തളിപ്പറമ്പിലും പയ്യന്നൂരിലും അടക്കം ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾക്ക് വീഴ്ചയുണ്ടായെന്നും വിമർശനം.
വീഴ്ച തിരുത്തുമെന്ന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ സമിതിയെ അറിയിച്ചു. വിശാലമായ ചർച്ചയ്ക്ക് ഓഗസ്റ്റിൽ വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരും. അതിന് മുൻപ് കീഴ്ഘടകങ്ങളിൽ ഒരു വട്ടം കൂടി ചർച്ച നടത്തി നിർദേശങ്ങളും വിമർശനങ്ങളും ഉൾക്കൊള്ളും. ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നുള്ളവരെ അടക്കം പങ്കെടുപ്പിച്ച് വിപുലമായ യോഗമായിരിക്കും ഓഗസ്റ്റിൽ ചേരുന്നത്.