തിരുവനന്തപുരം: പിഎം ശ്രീയിൽ സിപിഐക്ക് എതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി.ശിവൻകുട്ടി. ഇടത് രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് സിപിഐഎമ്മിനെ ആരും പഠിപ്പിക്കേണ്ടെന്നും നയങ്ങളിൽ നിന്ന് പിന്നോട്ട് പോയത് ആരെന്നതിൽ പോസ്റ്റുമോർട്ടത്തിനില്ലെന്നും ശിവൻകുട്ടി പറഞ്ഞു. ബിനോയ് വിശ്വത്തിൻ്റെ പേരെടുത്ത് പറഞ്ഞാണ് വിമർശിച്ചത്. പി എം ശ്രീയിൽ നിന്ന് പിന്മാറിയത്, ആരുടെയും വിജയമോ പരാജയമോ അല്ലെന്നും മന്ത്രി വ്യക്തമാക്കി.
പിഎം ശ്രീയിൽ സർക്കാർ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടാണ് സ്വീകരിച്ചത്. ബിനോയ് വിശ്വത്തിൻ്റെ പ്രതികരണത്തിൽ പറയുന്നത് പോലെ വിലയിരുത്താൻ കഴിയില്ല. എൽഡിഎഫിന് ഒരു നയം ഉണ്ട്. ആരൊക്കെയാണ് ത്യാഗം സഹിച്ചു എന്നൊന്നും ഇപ്പോൾ പറയുന്നില്ല. ഏതെങ്കിലും കേന്ദ്രങ്ങളിൽ നിന്ന് ഇടത് പക്ഷ ആശയം പഠിക്കേണ്ട ഗതികേട് സിപിഐഎമ്മിന് ഇല്ലെന്നും ഇടത് പക്ഷ രാഷ്ട്രീയം സിപിഐഎമ്മിന് നന്നായി അറിയാമെന്നും ശിവൻകുട്ടി അറിയിച്ചു.
എസ്എസ്കെ ഫണ്ട് ഇനി കിട്ടുമോ എന്ന ആശങ്ക ഉണ്ട്. കിട്ടാതിരുന്നാൽ അതിൻ്റെ ഉത്തരവാദിത്വം വിദ്യാഭ്യാസ മന്ത്രിക്ക് ഇല്ല. അത് ആരെന്ന് വച്ചാൽ ഏറ്റെടുത്തോട്ടെ എന്നും മന്ത്രി അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ കൂടുതൽ പറയാനില്ല. മന്ത്രിസഭാ ഉപസമിതിയെ പോലും ബിനോയ് വിശ്വം പുച്ഛത്തോടെയാണ് കണ്ടത്. പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറിയിട്ടില്ല, താത്കാലികമായി മരവിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പിഎം ശ്രീയിൽ നിലപാട് കേന്ദ്രമന്ത്രിയെ നേരിട്ട് അറിയിച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തും നൽകിയിട്ടുണ്ട്. ജയിലിൽ കിടന്ന് നെഹ്റു ഇന്ദിരയ്ക്ക് എഴുതിയ കത്താണ് ഏറ്റവും പ്രാധാന്യമായി ചർച്ചാ വിഷയമായത്. സമാന രീതിയിൽ ഈ കത്തും ചർച്ചയായി. കേന്ദ്ര ഫണ്ട് നേടിയെടുക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.