കൊല്ലം: അഡ്വ. ബി.എൻ.ഹസ്കറിന് മുന്നറിയിപ്പുമായി സിപിഐഎം. പാർട്ടിയെ പ്രതിരോധത്തിലാക്കുംവിധം ചാനൽ ചർച്ചകളിൽ പ്രതികരിക്കരുത് എന്നാണ് സിപിഐഎം ഹസ്കറിന് മുന്നറിയിപ്പ് നൽകിയത്. ഇനി മുതൽ ഇടതുനിരീക്ഷകനെന്ന ലേബലിൽ ഇത്തരം പ്രതികരണങ്ങൾ ഒഴിവാക്കണമെന്നും, രാഷ്ടീയ നിരീക്ഷകനായി പങ്കെടുക്കാമെന്നും സിപിഐഎം അറിയിച്ചു.
അഭിഭാഷക ബ്രാഞ്ച് യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദാണ് ഹസ്കറിന് മുന്നറിയിപ്പ് നൽകിയത്. താൻ പറഞ്ഞതെന്ന് കേന്ദ്ര കമ്മിറ്റി നിലപാടാണ് എന്നാണ് ഹസ്കർ യോഗത്തിൽ മറുപടി നൽകിയത്. തനിക്കെതിരെ നടപടി എടുത്താൽ എ.കെ. ബാലനും രാജു എബ്രഹാമും നടപടിക്ക് അർഹരാണെന്നും ഹസ്കർ ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസം നടന്ന ചാനൽ ചർച്ചയിൽ മുഖ്യമന്ത്രിയെയും വെള്ളാപ്പള്ളിയേയും ഹസ്കർ വിമർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഹസ്കറിന് സിപിഐഎം മുന്നറിയിപ്പ് നൽകിയത്.