KERALA

കൊച്ചു വേലായുധന് സിപിഐഎം വീട് വെച്ചു നൽകും; ഉടൻ നിർമാണം തുടങ്ങുമെന്ന് തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ

ചേർപ്പ് ഏരിയ കമ്മറ്റിയായിരിക്കും ഭവന നിർമാണത്തിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയെന്നും അബ്ദുൾ ഖാദർ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തൃശൂർ: സുരേഷ് ഗോപിക്ക് നിവേദനം നൽകാനെത്തിയപ്പോൾ അപമാനിതനായ തയ്യാട്ട് കൊച്ചു വേലായുധന് സിപിഐഎം വീട് നിർമിച്ച് നൽകും. വീട് നിർമാണത്തിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ ന്യൂസ് മലയാളത്തോട് പറഞ്ഞു.

തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ വീട്ടിലെത്തിയാണ് വീട് നിർമിച്ച് നൽകുമെന്ന് കൊച്ചു വേലായുധന് ഉറപ്പുനൽകിയത്. ഒരു വീട് നിർമിക്കാൻ ആവശ്യമായ സമയം എടുത്ത് നിർമാണം പൂർത്തീകരിക്കും. ചേർപ്പ് ഏരിയ കമ്മറ്റിയായിരിക്കും ഭവന നിർമാണത്തിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയെന്നും അബ്ദുൾ ഖാദർ പറഞ്ഞു.

കഴിഞ്ഞദിവസം വീടിനായി കൊച്ചു വേലായുധൻ നിവേദനം നൽകിയത് കേന്ദ്രമന്ത്രി സുരേഷ് ഗോപി മടക്കിയിരുന്നു. ഇതോടെയാണ് പുള്ളിലെ കൊച്ചു വേലായുധന് വീട് നിർമിച്ചു നൽകാൻ സിപിഐഎം തീരുമാനിച്ചത്. നിവേദനം തഴഞ്ഞുള്ള സുരേഷ് ഗോപിയുടെ നടപടിയിൽ ഒരുപാട് പ്രയാസമുണ്ടായെന്ന് കൊച്ചു വേലായുധൻ പറഞ്ഞിരുന്നു.

രണ്ടുവർഷം മുമ്പ് തെങ്ങ് വീണ് തകർന്ന വീടിൻ്റെ അറ്റകുറ്റപ്പണിക്കുള്ള സഹായവും തേടിയാണ് എംപിക്ക് അപേക്ഷ നൽകിയത്. സഹായം നൽകിയില്ലെങ്കിലും അപേക്ഷ വാങ്ങി വെക്കാമായിരുന്നെന്നും കൊച്ചു വേലായുധൻ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് പുള്ളിൽ വച്ച് നടന്ന കലുങ്ക് വികസന സംവാദത്തിൽ അപേക്ഷയുമായി കൊച്ചു വേലായുധൻ എത്തിയത്. കൊച്ചു വേലായുധൻ അപേക്ഷ നീട്ടിയപ്പോൾ സുരേഷ് ഗോപി അത് വാങ്ങാൻ വിസമ്മതിക്കുകയായിരുന്നു. ഇത് എംപിയുടെ പണിയേ അല്ല എന്ന് പറഞ്ഞാണ് സുരേഷ് ഗോപി വേലായുധനെ തിരിച്ചുവിടുന്നത്.

അപേക്ഷയെഴുതി കൊണ്ടുവന്നാൽ എംപിക്ക് നൽകാമെന്ന് അറിഞ്ഞാണ് പരിപാടിക്ക് ചെന്നത്. ആദ്യം ഒരാൾ അപേക്ഷ നൽകുകയും അത് സ്വീകരിക്കുകയും ചെയ്തിരുന്നു. പിന്നാലെ മന്ത്രിക്ക് അപേക്ഷ നൽകി. എന്നാൽ അത് തുറന്ന് പോലും നോക്കാതെ തിരികെ നൽകുകയായിരുന്നു. തിരിച്ച് പ്രതികരിക്കാഞ്ഞത് സദസ്സിൽ വച്ച് മന്ത്രിയെ അവഹേളിക്കേണ്ട എന്ന് കരുതിയാണ്. വളരെ വിഷമമായി. രണ്ട് ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്നതിനാൽ പണിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണെന്നും കൊച്ചു വേലായുധൻ പറഞ്ഞിരുന്നു.

SCROLL FOR NEXT