തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാർഥി പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപമാകും. നിർണായക സെക്രട്ടേറിയറ്റ് യോഗം രാവിലെ ചേരും. സീറ്റ് വിഭജനം പൂർത്തിയാക്കാനുള്ള ഇടതുമുന്നണി യോഗം വൈകീട്ട് നടക്കും.
നിയമസഭാ തെരഞ്ഞെടുപ്പിൽ 85 സീറ്റുകളിലാണ് സിപിഐഎം മത്സരിക്കുക. സെക്രട്ടേറിയറ്റ് പരിശോധിച്ച ശേഷം ജില്ലകൾ പുതുക്കി നൽകിയ പട്ടിക അടിസ്ഥാനപ്പെടുത്തി സെക്രട്ടേറിയറ്റിൽ അന്തിമ രൂപമുണ്ടാക്കും. ഇന്ന് സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ച് അംഗീകരിക്കും.
പേരാവൂരിൽ കെ.കെ. ശൈലജയെയും ഉടുമ്പഞ്ചോലയിൽ കെ.കെ. ജയചന്ദ്രനേയും ഉൾപ്പെടുത്തിയ പുതിയ പട്ടികയാണ് സെക്രട്ടേറിയേറ്റിൻ്റെ പരിഗണനയ്ക്ക് വരുന്നത്. വൈപ്പിൻ തൃപ്പൂണിത്തുറ മണ്ഡലങ്ങളിലും സെക്രട്ടേറിയറ്റ് തിരുത്തൽ വരുത്തിയിട്ടുണ്ട്. ബാക്കി സീറ്റുകളിൽ ജില്ലാ സെക്രട്ടേറിയറ്റിന്റെ പട്ടികയാണ് സംസ്ഥാന നേതൃത്വം അംഗീകരിച്ചിട്ടുള്ളത്.
സംസ്ഥാന കമ്മിറ്റിയിൽ കൂടി അവതരിപ്പിച്ച് ഞായറാഴ്ച സിപിഐഎം സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. ഇടതുമുന്നണിയിലെ സീറ്റ് വിഭജനവും വൈകീട്ട് ചേരുന്ന യോഗത്തോടെ പൂർത്തിയാകും. കേരളാ കോൺഗ്രസ് എമ്മിനെ അനുനയിപ്പിച്ച് കഴിഞ്ഞ തവണ മത്സരിച്ച 12 സീറ്റ് തന്നെ ഇത്തവണയും നൽകാനാണ് സിപിഐഎം ശ്രമിക്കുക.
സിപിഐ 25 സീറ്റിൽ മത്സരിക്കും. ജനാധിപത്യ കേരളാ കോൺഗ്രസ് മത്സരിച്ച തിരുവനന്തപുരം സെൻട്രൽ സീറ്റിലും ഇന്ന് തീരുമാനം വരും. സിപിഐ എക്സിക്യൂട്ടീവ് യോഗവും ഇന്ന് ചേരുന്നുണ്ട്. മൂന്ന് ടേം പൂർത്തിയാക്കിയ 6 എംഎൽഎമാരെ മാറ്റാൻ സിപിഐ തീരുമാനിച്ചിരുന്നു. പകരം മത്സരിക്കേണ്ടവരുടേയും കഴിഞ്ഞവട്ടം തോറ്റ ഇടങ്ങളിലെ സ്ഥാനാർഥികളെയും സിപിഐ ഇന്ന് തീരുമാനിക്കും.