NEWS MALAYALAM 24x7
KERALA

കമ്മ്യൂണിസ്റ്റുകാരെ ജയിലിലാക്കി എംപിയായി വിലസാമെന്ന് കരുതിയാല്‍ അത് മനസില്‍ വെച്ചാല്‍ മതി: എം.വി. ജയരാജന്‍

സി. സദാനന്ദന്റെ കാല്‍ വെട്ടിയ കേസില്‍ ജയിലിലടച്ച 8 പേരും നിരപരാധികളെന്ന് ആവര്‍ത്തിച്ച് സിപിഐഎം

Author : ന്യൂസ് ഡെസ്ക്

കണ്ണൂര്‍: സി. സദാനന്ദന്റെ കാല്‍ വെട്ടിയ കേസില്‍ ജയിലിലടച്ച 8 പേരും നിരപരാധികളെന്ന് ആവര്‍ത്തിച്ച് സിപിഐഎമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗം. കമ്മ്യുണിസ്റ്റുകാരെ ജയിലിലാക്കി എംപിയായി വിലാസമെന്ന് കരുതിയാല്‍ അത് മനസ്സില്‍ വെച്ചാല്‍ മതിയെന്ന് യോഗം ഉദ്ഘാടനം ചെയ്ത എം.വി. ജയരാജന്‍ പറഞ്ഞു. മട്ടന്നൂര്‍ ഉരുവച്ചാലിലാണ് സിപിഐഎം പ്രകടനവും വിശദീകരണയോഗവും സംഘടിപ്പിച്ചത്.

31 വര്‍ഷങ്ങള്‍ക്കപ്പുറം നടന്ന സംഘര്‍ഷവും തുടര്‍സംഭവങ്ങളും വിശദീകരിച്ച് സി. സദാനന്ദന്റെ കാല്‍ വെട്ടിയ കേസിലെ പ്രതികള്‍ നിരപരാധികളെന്ന് ആവര്‍ത്തിക്കുകയാണ് സിപിഐഎം. ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹക് ആയിരിക്കെ ആക്രമ സംഭവങ്ങളില്‍ പങ്കാളിയായ ആളായിരുന്നു സി. സദാനന്ദന്‍ എന്നും അദ്ദേഹം നല്‍കിയ കള്ളമൊഴിയാണ് എട്ട് സിപിഐഎം നേതാക്കളെ ജയിലിലടക്കാന്‍ കാരണമായതെന്നും നേതാക്കള്‍ വിശദീകരണയോഗത്തില്‍ ആവര്‍ത്തിച്ചു.

സംഭവത്തിന്റെ തുടക്കം സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ജനാര്‍ദനനെ ആക്രമിച്ചതാണെന്നും സദാനന്ദന്‍ ആക്രമിക്കപ്പെട്ടതിന് പ്രതികാരമായി കെ.വി. സുധീഷിനെ കൊലപ്പെടുത്തിയെന്നും ഇതാണ് ആര്‍ എസ് എസ് എന്നും സിപിഐഎം വിശദീകരിക്കുന്നു. അന്ന് ആക്രമിക്കപ്പെട്ട ജനാര്‍ദനനെയും സദാനന്ദന്‍ കേസില്‍ ജയിലിലുള്ള സിപിഐഎം പ്രവര്‍ത്തകരുടെ ബന്ധുക്കളെയും വേദിയിലിരുത്തിയാണ് വിശദീകരണയോഗം സംഘടിപ്പിച്ചത്.

സിപിഐഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ വ്യാഴാഴ്ച ബിജെപിയുടെ ആഭിമുഖ്യത്തില്‍ സി. സദാനന്ദന്‍ എംപിക്ക് ഉരുവച്ചാലില്‍ സ്വീകരണം നല്‍കും. ബിജെപി അവരുടെ വാദങ്ങള്‍ ഉന്നയിക്കാനുള്ള വേദിയായി ഇതിനെ മറ്റുമെന്നുറപ്പ്. 1993 ലെ സംഭവങ്ങള്‍ സജീവ ചര്‍ച്ചയാക്കാന്‍ തന്നെയാണ് ഇരു പാര്‍ട്ടികളുടെയും നീക്കം.

SCROLL FOR NEXT