എം.വി. ​ഗോവിന്ദൻ Source: News Malayalam 24x7
KERALA

ഓരോ വെളിപ്പെടുത്തലുകളും കോൺ​ഗ്രസിന്റെ ജീർണമുഖത്തിന്റെ അടയാളപ്പെടുത്തൽ, രാഹുലിനെതിരെയുള്ള മൂന്നാമത്തെ കേസ് ഗൗരവതരം: എം.വി. ഗോവിന്ദൻ

ഡിഎൻഎ പരിശോധനയിലൂടെ കൃത്യമായി കാര്യങ്ങൾ മനസിലാകുമെന്നും എം.വി. ഗോവിന്ദൻ

Author : ലിൻ്റു ഗീത

തിരുവനന്തപുരം: അറസ്റ്റിലായ എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. രാഹുലിനെതിരായ മൂന്നാമത്തെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. അത് ​ഗൗരവതരമാണ്. ​ഗർഭഛിദ്രം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് നിലവിലുള്ളത്. ക്രൂര പീഡനവും മർദനവും ഉൾപ്പെടെ നടന്നതായി പരാതിയിലുണ്ട്. ​ഗർഭഛിദ്രം നടത്തിയിട്ടും ഭ്രൂണം നശിപ്പിക്കാതെ സൂക്ഷിച്ചിരിക്കുന്നത് രാഹുലിന് വെല്ലുവിളിയാകും. ഡിഎൻഎ പരിശോധനയിലൂടെ കൃത്യമായി കാര്യങ്ങൾ മനസിലാകും. കൂടുതൽ കേസുകൾ പുറത്തുവരാനിരിക്കുന്നതേയുള്ളു. കേരളത്തിലെ കോൺ​ഗ്രസിന്റെ ജീർണമുഖത്തിന്റെ അടയാളപ്പെടുത്തലായാണ് ഓരോ വെളിപ്പെടുത്തലുകളും കാണേണ്ടതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ ഇന്നും കോൺ​ഗ്രസിന്റെ പരിപൂർണമായ പിന്തുണയിലാണ്. കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ കോൺ​ഗ്രസിന്റെ സംഘടനാ പ്രവർത്തനത്തിലേക്ക് രാഹുൽ വീണ്ടുമിറങ്ങും. അതിനൊന്നും യാതൊരു ഉളുപ്പുമില്ല. യൂത്ത് കോൺ​ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റും എംഎൽഎയുമൊക്കെയാകാനുള്ള കോൺ​ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട യോഗ്യത ഇതൊക്കൊയാണെന്ന് ജനം മനസിലാക്കണമെന്നും ഗോവിന്ദൻ പറഞ്ഞു.

വളരെ ജീർണമായ അവസ്ഥയെയാണ് അഭിമുഖീകരിക്കുന്നത്. പൊതുപ്രവർത്തന രംഗത്തുള്ളവർ പ്രശ്നത്തെ വളരെ ​ഗൗരവതരമായി കാണുന്നു. ഓരോ കുറ്റകൃത്യവും നടത്തുമ്പോൾ രാഹുൽ കോൺ​ഗ്രസിന്റെ അം​ഗവും യൂത്ത് കോൺ​ഗ്രസിന്റെ പ്രസിഡന്റും എംഎൽഎയുമൊക്കെയായിരുന്നു. എപ്പോഴാണ് കോൺ​ഗ്രസ് രാഹുലിനെ പുറത്താക്കാൻ തയാറായതെന്ന് ജനം ഓർക്കണം. ജനങ്ങൾ എല്ലാം കാണുന്നുണ്ട്, അവർ മനസിലാക്കട്ടെയെന്നും എം.വി. ​ഗോവിന്ദൻ പറഞ്ഞു. എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ സിപിഐഎം ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് ആവശ്യമായ നിലപാട് രാഹുൽ തന്നെ സ്വീകരിക്കട്ടെയെന്നും നിയമസഭയിൽ നിന്ന് അയോഗ്യനാക്കണോ എന്ന കാര്യം നിയമപരമായി പരിശോധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ വിഷയത്തിൽ കോൺഗ്രസിന് രണ്ട് നിലപാടാണെന്നാണ് മന്ത്രി പി. രാജീവിൻ്റെ പ്രതികരണം. കോൺഗ്രസ് രാഹുലിന് പരോക്ഷമായി പിന്തുണ നൽകുന്നുണ്ട്. ഇതെല്ലാം പൊതുജനം ഗൗരവമായി കാണുന്നുണ്ട്. രാഹുൽ വിഷയം ലോകത്ത് തന്നെ അപൂർവമായ കാര്യമാണെന്നും സഭയിലെ അയോഗ്യത സംബന്ധിച്ചുള്ള കാര്യത്തിൽ നിയമം നിയമത്തിൻ്റെ വഴിക്ക് പോകുമെന്നും പൊലീസ് അന്വേഷണം അതിൻ്റെ വഴിക്ക് നടക്കുമെന്നും പി. രാജീവ് വിശദീകരിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കുന്ന കാര്യത്തിൽ എംഎൽഎയും എംഎൽഎയെ നിശ്ചയിച്ച പാർട്ടിയും മാന്യത കാണിക്കണമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. സ്ത്രീ സുരക്ഷയെക്കുറിച്ച് എപ്പോഴും വാദിക്കുന്ന പൊതുപ്രവർത്തകർ ഈ അപമാനത്തിലേക്ക് ചെന്ന് വീഴരുത്. വിഷയത്തിൽ വേണ്ടപ്പെട്ടവർ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കെ. രാജൻ പറഞ്ഞു. അതേസമയം, പീഡനത്തിനിരായ അതിജീവിതയുടെ കുറിപ്പ് പങ്കുവച്ചായിരുന്നു വീണാ ജോർജിൻ്റെ പ്രതികരണം. നിസഹായമായ, ശബ്ദരഹിതമായ ആ നിലവിളി അനേകരുടെ ശബ്ദത്തിലൂടെ പ്രതിധ്വനിക്കട്ടെയെന്ന് വീണാ ജോർജ് പറഞ്ഞു. അതിജീവിതയുടെ കുറിപ്പ് ഹൃദയഭേദകമാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഇത്രയും നിഷ്ടൂരമായ പ്രവർത്തി കേരളം അംഗീകരിക്കില്ലെന്നും എത്ര വലിയവനായാലും കുറ്റം ചെയ്താൽ ഒരു സംരക്ഷണവും ലഭിക്കില്ലെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കോൺഗ്രസ്‌ രാഹുലിന്റെ രാജി ആവശ്യപ്പെടണമെന്നാണ് മുതിർന്ന സിപിഐഎം നേതാവ് കെ.കെ. ശൈലജയുടെ പ്രതികരണം. പെൺകുട്ടികൾ അതിക്രൂരമായി പീഡിക്കപ്പെട്ടു. കോൺഗ്രസ്‌ ചിഹ്നത്തിലാണ് രാഹുൽ ജയിച്ചത്. മാതൃകപരമായ ശിക്ഷ നടപ്പാക്കണമെന്നും കെ.കെ. ശൈലജ ആവശ്യപ്പെട്ടു.

SCROLL FOR NEXT