KERALA

"വിശാല കാഴ്ചപ്പാടിൽ പറഞ്ഞ സച്ചിദാനന്ദൻ്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു"; സിപിഐഎം ജില്ലാ സെക്രട്ടറി

അരണാട്ടുകരയിലെ സച്ചിദാനന്ദൻ്റെ വീട്ടിലെത്തിയാണ് അബ്ദുൽ ഖാദറും അശോകൻ ചരുവിലും കൂടിക്കാഴ്ച നടത്തിയത്.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: കവി സച്ചിദാനന്ദനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രതികരിച്ച് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ. സച്ചിദാനന്ദൻ പറഞ്ഞ കാര്യം ഉദ്ദേശിക്കാത്ത അർഥത്തിലാണ് പ്രചരിക്കുന്നത്. കക്ഷി രാഷ്‌ട്രീയത്തിൻ്റെ അടിസ്ഥാനത്തിലല്ല, വിശാലമായ താത്വിക തലത്തിലാണ് സച്ചിദാനന്ദൻ പറഞ്ഞത്. മാധ്യമങ്ങളിലൂടെ അത് ഇന്നത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ വിമർശിക്കുന്നതാണ് എന്ന തരത്തിൽ പ്രചരിപ്പിച്ചു.

സച്ചിദാനന്ദൻ്റെ വാക്കുകളെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതികരണമായി കണക്കാക്കുന്നില്ലെന്നും അബ്ദുൽ ഖാദർ വ്യക്തമാക്കി. സച്ചിദാനന്ദൻ സെക്കുലറായ ഇടതുപക്ഷക്കാരനാണ്. അദ്ദേഹത്തെ എന്നും ബഹുമാനിക്കുന്നു എന്നും കെ.വി. അബ്ദുൽ ഖാദർ അടിവരയിട്ടു. സിപിഐഎം കെ.വി. അബ്ദുൾ ഖാദറും അശോകൻ ചരുവിലുമാണ് സച്ചിദാനന്ദനെ കാണാൻ അരണാട്ടുകരയിലെ വീട്ടിലെത്തിയത്. സച്ചിദാനന്ദൻ്റെ വിമർശനം പ്രതിപക്ഷം ആയുധമാക്കിപ്പോഴും വിമർശനത്തോട് മൃദുസമീപനമായിരുന്നു ഇടത് നേതാക്കൾ സ്വീകരിച്ചത്.

കേരളത്തിൽ തുടർഭരണം വേണ്ട എന്നായിരുന്നു കവിയും സാഹിത്യ അക്കാദമി ചെയർമാനുമായ കെ. സച്ചിദാനന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞത്. കേരളത്തിന് നല്ലത് രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്നതാണെന്നും ബംഗാളിൽ സംഭവിച്ചത് തന്നെ ഉദാഹരണമെന്നും സച്ചിദാനന്ദൻ പറഞ്ഞിരുന്നു. ജനാധിപത്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും മാറി മാറി ഉണ്ടാവുക എന്നതാണ് പൊതുതത്വം എന്നും തുടർച്ചയായി ഭരണം ലഭിക്കുമ്പോൾ പാർട്ടി ആഗ്രഹിക്കാത്തവർ പോലും പാർട്ടിയിലേക്ക് കടന്നുവരുമെന്നും കെ. സച്ചിദാനന്ദൻ പറഞ്ഞിരുന്നു.

SCROLL FOR NEXT