Source: News Malayalam 24x7
KERALA

തറിയിൽ നൂൽ നൂറ്റ് മന്ത്രി; ക്രാഫ്റ്റ്സ് വില്ലേജിന്റെ ‘ഗിഫ്റ്റ് എ ട്രഡിഷൻ’ പദ്ധതിക്ക് തുടക്കം

കൈത്തറി വസ്ത്രങ്ങൾ മാത്രം ഉൾപ്പെടുത്തി ആകർഷകമായി രൂപകൽപ്പന ചെയ്ത പ്രത്യേക ഗിഫ്റ്റ് ബോക്സിന്റെ അനാച്ഛാദനവും പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി പി.സി. വിഷ്ണുനാഥ് കോവളത്തുള്ള ക്രാഫ്റ്റ്സ് വില്ലേജിൽ വച്ച് നിർവഹിച്ചു...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരളത്തിന്റെ സമ്പന്നമായ കൈത്തറി പാരമ്പര്യത്തെയും പ്രാദേശിക കരകൗശല വൈദഗ്ധ്യത്തെയും ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് (KACV) ഒരുക്കുന്ന 'ഗിഫ്റ്റ് എ ട്രഡിഷൻ' (Gift a Tradition) പദ്ധതിക്ക് തുടക്കം. കൈത്തറി വസ്ത്രങ്ങൾ മാത്രം ഉൾപ്പെടുത്തി ആകർഷകമായി രൂപകൽപ്പന ചെയ്ത പ്രത്യേക ഗിഫ്റ്റ് ബോക്സിന്റെ അനാച്ഛാദനവും പദ്ധതിയുടെ ഉദ്ഘാടനവും ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് കോവളത്തുള്ള ക്രാഫ്റ്റ്സ് വില്ലേജിൽ വച്ച് നിർവഹിച്ചു. ഉദ്ഘാടന പ്രഭാഷണത്തിന് മുന്നോടിയായി വേദിയിൽ പ്രത്യേകമായി സജ്ജീകരിച്ചിരുന്ന തനത് രാട്ടിൽ കൈത്തറി നൂൽ നൂറ്റുകൊണ്ട് മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത് പരമ്പരാഗത കൈത്തറി സംസ്കാരത്തിനുള്ള ആദരവായി മാറി. കൈത്തറിയുടെ പരമ്പരാഗത- സാംസ്കാരിക തനിമയെ ടൂറിസം സാധ്യതകൾക്ക് അനുയോജ്യമായ ഒരു ഉൽപ്പന്നം ആക്കി മാറ്റുക എന്ന ക്രാഫ്റ്റ്‌ വില്ലേജിന്റെ ഉദ്യമത്തെ മന്ത്രി അഭിനന്ദിച്ചു.

ക്രാഫ്റ്റ്സ് വില്ലേജ് രൂപകൽപ്പന ചെയ്ത പദ്ധതി കൈത്തറി മേഖലയ്ക്ക് കൂടുതൽ വിപണി സാധ്യതകൾ തുറന്നുനൽകുകയും, അതോടൊപ്പം കേരളത്തിന്റെ തനത് ഉൽപ്പന്നങ്ങളെ ഔദ്യോഗിക - വിശേഷ സമ്മാന സംസ്‌കാരത്തിന്റെ (Gifting Culture) ഭാഗമാക്കുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ചടങ്ങിൽ സ്വാഗതമാശംസിച്ച യു.എൽ.സി.സി.എസ് (ULCCS) മാനേജിംഗ് ഡയറക്ടറും സെക്രട്ടറിയുമായ ഷാജു എസ്. വ്യക്തമാക്കുകയുണ്ടായി. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെയും നൂറ്റാണ്ടുകൾ പഴക്കമുള്ള കരകൗശല പാരമ്പര്യത്തെയും ഒരുപോലെ പ്രതിനിധീകരിക്കുന്ന ശ്രദ്ധേയമായ ടൂറിസം ഉൽപ്പന്നമാണ് ക്രാഫ്റ്റ് വില്ലേജ് ഒരുക്കുന്ന ‘ഗിഫ്റ്റ് എ ട്രഡീഷൻ’ സമ്മാനപ്പെട്ടി. ചടങ്ങിൽ ഗിഫ്റ്റ് ബോക്സിന്റെ ഔദ്യോഗികമായ ആദ്യ സ്വീകരണവും അധ്യക്ഷതയും കോവളം എംഎൽഎ. എം. വിൻസെന്റ് നി‍ര്‍വഹിച്ചു. തിരുവനന്തപുരം ജില്ലാപ്പഞ്ചായത്തംഗം ആഗ്നസ് റാണി, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി ബിൻസി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ.എ.സി.വി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ (COO) ടി.യു. ശ്രീപ്രസാദ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

SCROLL FOR NEXT