ഉണ്ണികൃഷ്ണൻ പോറ്റി Source: News Malayalam 24x7
KERALA

സ്വർണപ്പാളി വിവാദത്തിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്; ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതി

അഴിമതിയും മോഷണവും അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്. ഉണ്ണികൃഷ്ണൻ പോറ്റിയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കേസിൽ ദേവസ്വം ജീവനക്കാരെയും പ്രതി ചേർത്തിട്ടുണ്ട്. അഴിമതിയും മോഷണവും അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഉണ്ണികൃഷ്ണൻ പോറ്റി, ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, അടക്കം പത്ത് പേരാണ് ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ. മോഷണം, ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾക്ക് പുറമേ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ് എഫ്ഐആർ. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ക്രൈംബ്രാഞ്ച് മേധാവി കൂടിയായ എച്ച് വെങ്കിടേഷാണ് എസ്ഐടിക്ക് നേതൃത്വം നൽകുന്നത്. കേസിലെ തുടർനടപടികൾ വേഗത്തിലാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.

ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് കളമൊരുക്കിയത് ഉന്നത ഉദ്യോഗസ്ഥരാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ദേവസ്വം വിജിലൻസ്. ദേവസ്വം സെക്രട്ടറി ജയശ്രീ അടക്കമുള്ളവർക്ക് ക്രമക്കേടിൽ പങ്കുണ്ടെന്നാണ് കണ്ടെത്തൽ. തിരുവാഭരണ കമ്മീഷണറുടെ സാന്നിധ്യത്തിൽ ദ്വാരപാലക ശില്പങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തു വിടാൻ ആയിരുന്നു ദേവസ്വം ബോർഡ് തീരുമാനം. എന്നാൽ ഉത്തരവ് ഇറങ്ങിയപ്പോൾ തിരുവാഭരണ കമ്മീഷണറെ ഒഴിവാക്കി ബോർഡ് തീരുമാനം അട്ടിമറിക്കപ്പെട്ടു. ഇടപെട്ടതാകട്ടെ ദേവസ്വം സെക്രട്ടറിയും. വിജയ് മല്യ സമർപ്പിച്ച സ്വർണപ്പാളികളിൽ നിന്ന് സ്വർണം ഒഴിവാക്കി, രേഖകളിൽ ചെമ്പ് മാത്രമാക്കിയത് മുരാരി ബാബുവാണ്. ഇതിന് പിന്നിൽ വൻ ഗൂഢാലോചന നടന്നെന്നാണ് വിജിലൻസിൻ്റെ സംശയം.

2024ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വർണം കൊടുത്തുവിടണമെന്ന് മുരാരി ബാബു പറഞ്ഞിരുന്നു. ശില്പങ്ങൾ കൈമാറുമ്പോൾ തിരുവാഭരണ കമ്മീഷണർ സ്ഥലത്ത് ഇല്ലാതിരുന്നതിലും ദുരൂഹതയുണ്ടെന്ന് വിജിലൻസ് സംശയിക്കുന്നു. മഹസർ തയ്യാറാക്കിയ ആർ.ജി. രാധാകൃഷ്ണൻ തൂക്കക്കുറവ് രേഖപ്പെടുത്തിയത് ബോർഡിനെ അറിയിക്കുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്തിട്ടില്ല. 20 വർഷമായി ശബരിമലയിലെ മരാമത്ത് അസിസ്റ്റൻ്റ് എൻജിനീയറായി തുടരുന്ന സുനിൽ കുമാറിൻ്റെ ഇടപെടലുകളും സംശയാസ്പദമാണ്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് വേണ്ടി നിരവധി തവണ ഉദ്യോഗസ്ഥർ ഇടപെടൽ നടത്തി. ഇങ്ങനെ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ ക്രമക്കേടുകളും വീഴ്ചകളും അക്കമിട്ട് നിരത്തുകയാണ് ദേവസ്വം വിജിലൻസ്. റിപ്പോർട്ടിൽ ശക്തമായ നടപടിയെടുക്കാനാണ് ദേവസ്വം ബോർഡ് തീരുമാനം.

മുരാരി ബാബുവിന് പിന്നാലെ സുനിൽ കുമാറിനെയും സസ്പെൻഡ് ചെയ്യും..വിരമിച്ച മുൻ ഉദ്യോഗസ്ഥരുടെ പെൻഷൻ ആലുകൂല്യങ്ങൾ തടയാനും ദേവസ്വം ബോർഡ് ആലോചിക്കുന്നുണ്ട്. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ്‌ കെ ടി ശങ്കരന്റെ നേതൃത്വത്തിൽ സന്നിധാനത്ത് എത്തി സ്ട്രോങ്ങ് റൂം തുറന്നു പരിശോധന തുടങ്ങി. അറ്റകുറ്റപ്പണി പൂർത്തിയാക്കി സന്നിധാനത്ത് എത്തിച്ച പാളികളുടെ പരിശോധന നാളെ നടക്കും. ഇതിന് ശേഷം തിങ്കളാഴ്ചയാണ് അമിക്കസ് ക്യൂറി ആറൻമുളയിലെത്തുക. കാലങ്ങളായി തീർത്ഥാടകർ സമർപ്പിച്ച വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുക്കുകയാണ് ലക്ഷ്യം.

അതിനിടെ ഉണ്ണികൃഷ്ണൻ പോറ്റി കോൺഗ്രസ്-ബിജെപി നേതാക്കൾക്കൊപ്പം ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാലകൃഷ്ണൻ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണൻ എന്നിവർക്കൊപ്പമുള്ളതാണ് ചിത്രങ്ങൾ. പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റ് ആയിരുന്നപ്പോൾ ശബരിമലയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഉണ്ണികൃഷ്ണൻ പോറ്റി പങ്കെടുത്തത്. സന്നിധാനത്ത് ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലും മൂന്ന് പേരും ഒരുമിച്ച് പങ്കെടുത്തിരുന്നു

SCROLL FOR NEXT