ദിയ കൃഷ്ണ, സ്ഥാപനത്തിലെ മുൻ ജീവനക്കാർ Source: Instagram/ Diya Krishna, News Malayalam 24x7
KERALA

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പ്: ജീവനക്കാർക്കെതിരെ തെളിവുണ്ട്; ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച്

ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെയാണ് കോടതി പരി​ഗണിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പ് കേസിൽ സ്ഥാപനത്തിലെ ജീവനക്കാരികളുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച്. ജീവനക്കാര്‍ പണം തട്ടിയതിന് തെളിവുണ്ടെന്നും അന്വേഷണവുമായി ജീവനക്കാര്‍ സഹകരിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെയാണ് കോടതി പരി​ഗണിക്കുന്നത്. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക.

ദിയ കൃഷ്ണയുടെ Oh By Ozy എന്ന സ്ഥാപനത്തിലെ ജീവനക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നിവർക്കെതിരെയാണ് കേസ്. മൂവരുടെയും അക്കൗണ്ടിലേക്ക് ഒരു വര്‍ഷത്തിനിടയില്‍ ലക്ഷക്കണക്കിന് രൂപ എത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അക്കൗണ്ടിലെത്തിയ മുഴുവന്‍ തുകയും വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറിയതായും പൊലീസ് കണ്ടെത്തിയിരുന്നു.

2024 ജനുവരി ഒന്ന് മുതല്‍ 2025 ജൂണ്‍ 3 വരെയുള്ള കാലയളവിൽ 75 ലക്ഷം രൂപയാണ് മൂന്ന് പേരുടേയും അക്കൗണ്ടുകളിലേക്ക് എത്തിയതെന്നാണ് കണ്ടെത്തല്‍. രണ്ടു പേരുടെ അക്കൗണ്ടുകളിലായി 60 ലക്ഷം രൂപയാണ് എത്തിയത്. വിനീതയുടെ അക്കൗണ്ടില്‍ 25 ലക്ഷം രൂപയും ദിവ്യയുടെ അക്കൗണ്ടില്‍ 35 ലക്ഷം രൂപയുമാണ് എത്തിയത്.

‌ജീവനക്കാരായ മൂന്നു പേർ ചേർന്ന് സ്ഥാപനത്തിലെ ക്യൂആര്‍ കോഡ് മാറ്റി 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ദിയ കൃഷ്ണകുമാറിന്റെ പരാതി. ഈ പരാതി കണ്ടോണ്‍മെന്റ് എസിപിക്ക് കൈമാറിയിരുന്നു. പരാതിയില്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ചപ്പോഴാണ് തങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തുവെന്ന് ജീവനക്കാര്‍ പരാതി നല്‍കിയത്.

സംഭവം വിവാദമായതോടെ ജീവനക്കാര്‍ കുറ്റസമ്മതം നടത്തുന്നതിന്റെ നിര്‍ണായക ദൃശ്യങ്ങള്‍ കൃഷ്ണകുമാറിന്റെ കുടുംബം പുറത്തുവിട്ടിരുന്നു. തെറ്റുപറ്റിയെന്നും ജീവനക്കാര്‍ വീഡിയോയില്‍ പറയുന്നുണ്ട്. 2024 ഒക്ടോബര്‍ മുതല്‍ ഇത്തരത്തിൽ പണം എടുത്തതായി ജീവനക്കാര്‍ വീഡിയോയില്‍ സമ്മതിക്കുന്നുണ്ട്.

SCROLL FOR NEXT