കോഴിക്കോട്: വടകര കടത്തനാട് ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. വടകര പാർക്ക് റോഡിലെ ഓഫീസിൽ ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ രേഖകൾ പിടിച്ചെടുത്തു. ഓഫീസ് ലെഡ്ജർ , വൗച്ചറുകൾ, ക്യാഷ് ബുക്ക്, വർക്ക് റജിസ്റ്ററുകൾ, സ്ഥിര നിക്ഷേപ ബോണ്ടുകൾ, ചെക്ക് ഇഷ്യു രജിസ്റ്റർ, കരാർ സംബന്ധമായ രേഖകൾ എന്നിവയാണ് കസ്റ്റഡിയിലെത്തത്.
തുടർന്ന് ക്രൈം ബ്രാഞ്ച് കടത്തനാട് ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ഓഫീസ് പൂട്ടി സീൽ ചെയ്തു. നിക്ഷേപത്തുക ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകൻ ജീവനൊടുക്കിയ കേസിലാണ് പരിശോധന നടത്തിയത്. നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകൻ സൊസൈറ്റി മുൻ പ്രസിഡണ്ടിൻ്റെ വീട്ടിലെത്തി സ്വയം ജീവനൊടുക്കിയിരുന്നു. ആത്മഹത്യ ചെയ്ത നിക്ഷേപകൻ മുമ്പ് പരാതി നൽകുകയും ഈ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തിരുന്നു.
2.16 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി സഹകരണ ജോയിൻ്റ് ഡയറക്ടർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. സഹകരണ ജോയിൻ്റ് ഡയറക്ടർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സൊസൈറ്റി സെക്രട്ടറി പ്രീന, മുൻ പ്രസിഡൻ്റ് ടി.വി. സുധീർ കുമാർ, റിനീഷ് എന്നിവരെ പ്രതി ചേർത്താണ് കേസെടുത്തിരിക്കുന്നത്. നിക്ഷേപകരിൽ നിന്നും പണം വാങ്ങി 2.1 കോടിയോളം രൂപയുടെ തട്ടിപ്പ് സൊസൈറ്റിയെ മറയാക്കി ഇവർ നടത്തിയിട്ടുണ്ട് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തൽ.
രണ്ടു കോടിയോളം രൂപയുടെ തട്ടിപ്പ് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപകരിൽ നിന്ന് പണം വാങ്ങി ഇത് മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കുകയും ഇതിൽ കൃത്രിമത്വം കാണിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ.