എറണാകുളം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവിലും പിണറായി വിജയനെതിരെ വിമർശനം. പിണറായിക്ക് ലാളിത്യമില്ലെന്നും തോൽവിയിലൂടെ തെളിഞ്ഞത് കമ്യൂണിസ്റ്റ് വിരുദ്ധതയാണെന്നും വിമർശനം. ഇന്നും നാളെയും ജില്ലാ എക്സിക്യൂട്ടീവ് തുടരും.
പിണറായി പ്രതിപക്ഷ നേതാവായി സ്ഥാനം ഏറ്റെടുത്തത് തെറ്റാണ്. ജനങ്ങൾ തള്ളിയ ആളല്ല പ്രതിപക്ഷ നേതാവാകേണ്ടതെന്നും സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടിവിൽ വിമർശനം. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും രാജാവെന്ന ഭാവത്തിലാണ് മുന്നോട്ട് പോയതെന്നുള്ള കടുത്ത വിമർശനങ്ങളും ഉയർന്നു.
തെരഞ്ഞെടുപ്പ് തോൽവി വലിയ ആഘാതമാണ് എൽഡിഎഫിന് ഉണ്ടാക്കിയത്. അതിന് ശേഷം സിപിഐയുടെയും സിപിഐഎമ്മിൻ്റെയും സെക്രട്ടറിയേറ്റുകളും എക്സിക്യൂട്ടീവുകളും ചേരുന്നുണ്ടായിരുന്നു. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെതിരെയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും വലിയ വിമർശനങ്ങളാണ് സിപിഐഎമ്മിൽ നിന്ന് തന്നെ ഉയർന്നിരുന്നത്. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിലും വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്.