കണ്ണൂർ: സിഎംആർഎൽ-എക്സാലോജിക് കേസിലെ പാർട്ടി നിലപാടിൽ സിപിഐഎം കണ്ണൂർ വിപുലീകൃത കമ്മിറ്റിയിൽ വിമർശനം. കോടിയേരിയുടെയും വിഎസിൻ്റെയും മക്കളുടെ കേസിൽ വ്യക്തിപരമായി നേരിടട്ടെ എന്ന് നിലപാട് എടുത്ത പാർട്ടിക്ക്, പിണറായിയുടെ മകളുടെ കാര്യത്തിൽ എന്തിനാണ് വ്യത്യസ്ത നിലപാടെന്നാണ് പ്രതിനിധികൾ ചോദിക്കുന്നത്.
വീണയ്ക്ക് എതിരായ കേസ്, പാർട്ടിക്ക് നേരായ ആക്രമണമായി ചിത്രീകരിക്കുന്നതിലും യോഗത്തിൽ വിമർശനമുയർന്നു. അതിനിടെ എംഎൽഎ സ്ഥാനവും ജില്ലാ സെക്രട്ടറി സ്ഥാനവും ഒരുമിച്ച് വഹിക്കുന്ന തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും അംഗങ്ങൾ വിമർശനം ഉന്നയിച്ചു.
അതേസമയം, സിപിഐഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് പിന്നാലെ നേതൃനിരയിൽ അഴിച്ചുപണി. കെ.വി. സക്കീർ ഹുസൈനെ ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. എം.സി. രാഘവൻ, എം. ശ്രീധരൻ എന്നിവരെ ജില്ലാ കമ്മിറ്റിയിലും ഉൾപ്പെടുത്തി. പി.പി. ദിവ്യ ഇപ്പോഴും പാർട്ടിയുടെ ഭാഗമാണെന്നും കേസ് കഴിഞ്ഞ ശേഷം തിരിച്ചുകൊണ്ടുവരുന്ന കാര്യം ആലോചിക്കുമെന്നും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വ്യക്തമാക്കിയിരുന്നു.