ചേരാനല്ലൂരിൽ 17കാരൻ്റെ കാറിടിച്ച് ഗൃഹനാഥൻ കൊല്ലപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പുറത്ത് 
KERALA

തെളിവ് നശിപ്പിച്ചത് പൊലീസ് സഹായത്തിലെന്ന് സംശയം; 17കാരൻ ഇൻസ്റ്റഗ്രാമിലെ വിവരങ്ങൾ വിദഗ്ധമായി നീക്കം ചെയ്തു

ചേരാനല്ലൂരിൽ 17കാരൻ്റെ കാറിടിച്ച് ഗൃഹനാഥൻ കൊല്ലപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പുറത്ത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ്റെ കാറിടിച്ച് ഗൃഹനാഥൻ കൊല്ലപ്പെട്ട കേസിൽ പ്രധാനപ്പെട്ട തെളിവുകൾ നശിപ്പിക്കപ്പെട്ടത് പൊലീസ് സഹായത്തിൽ എന്ന് സംശയം. 17കാരൻ സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടിയത് സ്റ്റേഷൻ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. നിർണായക തെളിവുകൾ ഉണ്ടായിരുന്ന ഫോൺ പൊലീസ് വിട്ടുനൽകിയത് ഗുരുതര വീഴ്ചയായാണ് വിലയിരുത്തുന്നത്.

17-കാരൻ്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തത് ഒരു ദിവസം കഴിഞ്ഞ് വീട്ടിൽ നിന്നാണ്. ഈ സമയത്തിനുള്ളിൽ തന്നെ ഇൻസ്റ്റാഗ്രാമിലെ വിവരങ്ങൾ നീക്കം ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. കൂടാതെ കാറിൽ നിന്ന് ജഡ്ജി ബോർഡ്‌ മാറ്റിയത് പൊലീസിൻ്റെ സാന്നിധ്യത്തിലായിരുന്നു. അപകടത്തിന് പിന്നാലെ പൊലീസിലെ ഉന്നതരെ ജഡ്ജി വിളിച്ചിരുന്നുവെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞാഴ്ചയാണ് ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് മാഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണൻ മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജയബാലകൃഷ്ണനെ നാട്ടുകാർ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു.

അഡീഷണൽ സെഷൻസ് ജഡ്ജിയുടെ മകനാണ് അപകടസമയത്ത് കാറോടിച്ചിരുന്നത്. ജഡ്ജിയുടെ പേരിലാണ് അപകടത്തിൽപ്പെട്ട വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. അപകടത്തെത്തുടർന്ന് മോട്ടോർ വാഹന വകുപ്പ്, പൊലീസ്, ഫോറൻസിക് വിഭാഗം എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

തെളിവ് നശിപ്പിച്ചുവെന്ന് ജയബാലകൃഷ്ണന്‍റെ കുടുംബം പരാതി നൽകിയിരുന്നു. മകനെ രക്ഷിക്കാന്‍ ജഡ്ജി ഇടപെട്ട് തെളിവ് നശിപ്പിച്ചുവെന്നും കുടുംബം ആരോപിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ കൊടുത്തത് ചോദ‍്യം ചെയ്തപ്പോൾ പൊലീസ് സ്റ്റേഷനിൽ വച്ച് ജഡ്ജി അപമര‍്യാദയായി സംസാരിച്ചെന്നും ആരോപണം ഉയർന്നിരുന്നു.

SCROLL FOR NEXT