എം.ആർ. അജിത് കുമാർ Source: News Malayalam 24x7
KERALA

"കേസ് ഡയറി തിരുത്തിയത് അജിത് കുമാർ പറഞ്ഞിട്ട്"; 'രക്ഷാപ്രവർത്തന' കേസിൽ എഡിജിപി അജിത് കുമാറിൻ്റെ ഇടപെടലിന് നിർണായക തെളിവുകൾ, പുതിയ റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി

കേസ് ഡയറി തിരുത്തിയത് അജിത് കുമാർ പറഞ്ഞിട്ടെന്ന് അദ്ദേഹത്തിൻ്റെ ഓഫീസിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐമാർ മൊഴി നൽകി...

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: നവകേരള യാത്രയ്ക്കിടയിലെ ഗൺമാന്മാരുടെ 'രക്ഷാപ്രവർത്തന' കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന്റെ ഇടപെടലിന് നിർണായക തെളിവുകൾ എസ്ഐടിക്ക് ലഭിച്ചു. കേസ് ഡയറി തിരുത്തിയത് അജിത് കുമാർ പറഞ്ഞിട്ടെന്ന് അദ്ദേഹത്തിൻ്റെ ഓഫീസിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐമാർ മൊഴി നൽകി. തിരുത്താൻ ആവശ്യപ്പെട്ടത് വയനാട് ദുരന്തസ്ഥലത്ത് നിന്നാണ്. തിരുത്തിയ റിപ്പോർട്ട് അജിത് കുമാർ നേരിട്ട് പരിശോധിച്ചു. കേസ് എഴുതി തള്ളാനുള്ള നടപടി വേഗത്തിലാക്കാൻ എഡിജിപി നിർദേശിച്ചെന്നും മൊഴിയിൽ പറയുന്നു.

ആലപ്പുഴയിൽ നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ മർദിച്ച കേസിലെ റിപ്പോർട്ട് തിരുത്താൻ എഡിജിപി എം.ആർ. അജിത് കുമാർ നേരിട്ട് ഇടപെട്ടെന്നാണ് ഗ്രേഡ് എസ്ഐമാരുടെ മൊഴി. വയനാട് ദുരന്ത സ്ഥലത്ത് നിന്ന് അജിത് കുമാർ വിളിച്ച് കേസ് ഡയറി തിരുത്താൻ ആവശ്യപ്പെട്ടതായും എഡിജിപിയുടെ നിർദേശത്തെ തുടർന്നാണ് കേസ് ഡയറി തിരുത്തിയതെന്നും ഉദ്യോഗസ്ഥർ മൊഴി നൽകി. റിപ്പോർട്ട്‌ തിരുത്താൻ നേരിട്ട് ഇടപെട്ട എഡിജിപി 2024 ഓഗസ്‌റ്റ് 5ന് തിരുത്തേണ്ട കാര്യങ്ങൾ എഴുതി നൽകി. പിന്നീട് ഓഫീസിലെത്തി തിരുത്തിയ റിപ്പോർട്ട് പരിശോധിച്ച് അംഗീകരിച്ചെന്നുമാണ് മൊഴി.

ആദ്യ അന്വേഷണ സംഘം തയ്യാറാക്കിയ യഥാർഥ കേസ് ഡയറി പെൻഡ്രൈവിലാക്കി എഡിജിപിയുടെ ഓഫീസില്‍ എത്തിച്ച ശേഷമാണ് പ്രതികളെ കുറ്റവിമുക്തരാക്കി തിരുത്തി എഴുതിയതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ആലപ്പുഴ സൗത്ത് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. അരുണ്‍ തയ്യാറാക്കിയ ആദ്യ ഡയറിയില്‍ മർദ്ദനത്തിന്റെ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ കറുത്ത കാറില്‍ നിന്നിറങ്ങിയ വെള്ള ഷർട്ട് ധരിച്ച ആളും കറുത്ത സ്യൂട്ട് ധരിച്ച മൂന്ന് പേരും ലാത്തി പോലുള്ള ആയുധം ഉപയോഗിച്ച്‌ പ്രതിഷേധക്കാരെ തല്ലിച്ചതച്ചെന്നും ഇതിനിടയില്‍ ലോക്കല്‍ പൊലീസിനും പരിക്കേറ്റെന്നും റിപ്പോർട്ടിലുണ്ട്.

സിസിടിവി ദൃശ്യങ്ങളും മർദ്ദിക്കാൻ ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തണമെന്നും കൂടുതല്‍ സാക്ഷികളുടെ മൊഴിയെടുക്കണമെന്നും ആദ്യ ഡയറിയില്‍ നിർദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ വിവരങ്ങളെല്ലാം ഒഴിവാക്കിയാണ് കേസ് ഡയറി തിരുത്തിയത്. തിരുത്തലിന് മുൻപും ശേഷവുമുള്ള രണ്ട് കേസ് ഡയറികളും നിലവില്‍ എസ്‌ഐടി പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം, ഗൺമാന്മാരുടെ മർദനത്തിൽ എസ്ഐടി പുതിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കുന്നതിന് മുൻപാണ് റിപ്പോർട്ട് സമർപ്പിച്ചത്. കോടതി കഴിഞ്ഞ തവണ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് കൊടുത്തത്.

2023 ഡിസംബറിന് ആലപ്പുഴയില്‍, നവ കേരള സദസ് ബസിന് കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്. പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിൽ ഗൺമാൻമാർക്ക് വീഴ്ച സംഭവിച്ചെന്ന് എസ്ഐടി സ്ഥിരീകരിച്ചിരുന്നു.

SCROLL FOR NEXT