മധ്യപ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് സിഎസ്‌ഐ വൈദികനെ അറസ്റ്റ് ചെയ്തതില്‍ കടുത്ത പ്രതിഷേധവുമായി സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ഫാദര്‍ ഗോഡ്‌വിന്‍ ആണ് അറസ്റ്റിലായത്. സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക ബോര്‍ഡ് ഓഫ് മിഷനില്‍ സേവനം ചെയ്യുമ്പോള്‍ മധ്യപ്രദേശിലെ ജാംബുവയില്‍ വച്ചാണ് വൈദികന്‍ അറസ്റ്റിലായത്.
എന്നാല്‍ മതപരിവര്‍ത്തന ആരോപണം വ്യാജമാണെന്ന് സിഎസ്‌ഐ സഭ പറഞ്ഞു എഫ്‌ഐആറില്‍ വൈദികന്റെ പേര് പോലും ഇല്ല, നിയമ പോരാട്ടം തുടരുമെന്നും, നീതിക്കായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി ടി ടി പ്രവീണ്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.
മതപരിവര്‍ത്തന നിരോധിത നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സിഎസ്‌ഐ വൈദികനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 25 നാണ് മലയിന്‍കീഴ് സ്വദേശി ഫാദര്‍ ഗോഡ്വിന്‍ മധ്യപ്രദേശില്‍ അറസ്റ്റിലായത്. ജാബുവയില്‍ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ചില ആളുകള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എന്നാല്‍ എഫ്‌ഐആറില്‍ വൈദികന്റെ പേരുപോലും ഇല്ലെന്നും ടിടി പ്രവീണ്‍ പ്രതികരിച്ചു.