KERALA

"കുക്കു പരമേശ്വരനും ഉണ്ണി ശിവപാലും മനുഷ്യത്വരഹിതമായി പെരുമാറുന്നു"; 'അമ്മ'യിൽ വീണ്ടും തൊഴിൽ പീഡനം

സെക്യൂരിറ്റി ഗാർഡാണ് തൊഴിൽ പീഡനമാരോപിച്ച് എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് കത്തയിച്ചിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: താരസംഘടനയായ അമ്മയിൽ വീണ്ടും തൊഴിൽ പീഡനമെന്ന് പരാതി. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും ട്രഷറർ ഉണ്ണി ശിവപാലിനും എതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സെക്യൂരിറ്റി ഗാർഡാണ് തൊഴിൽ പീഡനമാരോപിച്ച് എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് കത്തയിച്ചത്. ഇരുവരും മനുഷ്യത്വരഹിതമായി പെരുമാറുന്നു എന്നും ഇരുവർക്കും അടിമകളോടുള്ള മനോഭാവമാണ് തങ്ങളോടെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

ഇതിനു മുമ്പും കുക്കു പരമേശ്വനെതിരെയും ഉണ്ണി ശിവപാലിനുമെതിരേയും പരാതി ഉയർന്നിരുന്നു. 'അമ്മ'യിലെ ഓഫീസ് മാനേജർ ആണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. ട്രഷററിനെതിരെ പരാതിപ്പെട്ടപ്പോൾ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു എന്നാണ് പരാതി. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ആലോചിക്കാതെയാണ് ജനറൽ സെക്രട്ടറി നടപടി എടുത്തതെന്നും പരാതിക്കാരി പറഞ്ഞിരുന്നു.

ട്രഷറർ അധിക ജോലി ഏൽപ്പിക്കുന്നു. ജോലി സമയം കഴിഞ്ഞാലും വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യുന്നു. ഇതേപ്പറ്റി ജനറൽ സെക്രട്ടറിയോട് പറഞ്ഞപ്പോൾ ഏപ്രിൽ മാസം 30ാം തീയതി തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയാണ് ഉണ്ടായതെന്ന് പരാതിക്കാരി പറഞ്ഞു.

അകാരണമായാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ആലോചിച്ച് വേണം ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനെന്ന് അമ്മയുടെ ബൈലോയിൽ പറയുന്നുണ്ട്. എന്നാൽ, അത്തരം കൂടിയാലോചനകളൊന്നും ഉണ്ടായില്ല. തൻ്റെ ഭാഗം കേൾക്കാതെയാണ് നടപടിയെടുത്തത്. അതിനാൽ, ആ നടപടി അംഗീകരിക്കാനാവില്ല. ജോലി തുടരുന്നതിനായി എല്ലാ സഹായവും ചെയ്തുതരണമെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.

ശമ്പളം അടക്കം തടഞ്ഞുവച്ചുവെന്ന് ആരോപിച്ച് ഒരു യുവാവും കുക്കു പരമേശ്വനെതിരെയും ഉണ്ണി ശിവപാലിനുമെതിരേയും പരാതി നൽകിയിരുന്നു. അതേസമയം, താരസംഘടനയായ അമ്മയിലെ തൊഴിൽ പീഡനക്കേസിൽ പൊലീസ് കേസെടുക്കില്ലെന്ന് അറിയിച്ചിരുന്നു. പരാതി ക്രിമിനൽ കുറ്റകൃത്യത്തിൻ്റെ പരിധിയിൽ വരില്ലെന്നും ജില്ലാ ലേബർ ഓഫീസർക്കാണ് പരാതി നൽകേണ്ടതെന്നും നോർത്ത് പോലീസ് അറിയിച്ചതായാണ് വിവരം.

SCROLL FOR NEXT